ന്യൂഡൽഹി
ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിട്ടും സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാനായില്ല. ഇന്ത്യൻ എംബസി ഒരുക്കിയ ബസുകൾ ഹോസ്റ്റൽ വരെ എത്തിയെങ്കിലും കനത്ത ഷെല്ലാക്രമണമായതിനാൽ വിദ്യാർഥികളെ ഒഴിപ്പിക്കാനായില്ല. വിദ്യാർഥികളോട് ഹോസ്റ്റലിലെ ബങ്കറിലേക്കുതന്നെ മടങ്ങാൻ അധികൃതർ നിർദേശിച്ചു. ബസുകൾ മടങ്ങി.
പന്ത്രണ്ട് ദിവസമായി കൊടുംതണുപ്പിൽ ഭക്ഷണവും വെള്ളവുംപോലും ആവശ്യത്തിനില്ലാതെ കഴിയുന്ന വിദ്യാർഥികൾ വീണ്ടും നിരാശയിലായി. 707 ഇന്ത്യൻ വിദ്യാർഥികളാണ് റഷ്യൻ അതിർത്തിയോടുചേർന്ന സുമിയിലെ യുദ്ധ മേഖലയിലുള്ളത്. രാത്രി താപനില മൈനസിലേക്ക് താഴുന്നതിനാൽ വൈദ്യുതിയുമില്ല.
ഒഴിപ്പിക്കലിനായി സുമി, ഖർകിവ്, കീവ്, മരിയുപോൾ എന്നിവിടങ്ങളിൽനിന്ന് റഷ്യയിലേക്കും ബെലാറസിലേക്കും സുരക്ഷിത ഇടനാഴി റഷ്യ വാഗ്ദാനം ചെയ്തത് ഉക്രയ്ൻ തള്ളിയതോടെയാണ് സുമിയിൽ നിന്നുള്ള രക്ഷാപ്രവർത്തനം പാളിയത്. സുമിയിൽനിന്നുള്ള ഒഴിപ്പിക്കലിനായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ സമീപ നഗരമായ പൊൾടാവയിൽ എത്തിയിരുന്നു. വിദ്യാർഥികളോട് തയ്യാറായി ഇരിക്കാനും നിർദേശിച്ചു. എന്നാൽ, ഷെല്ലിങ് തുടർന്നതോടെ ആ ശ്രമവും പാളി.
റഷ്യ പ്രഖ്യാപിച്ച മാനുഷിക
ഇടനാഴികൾ
●കീവിൽനിന്ന് ഗോസ്തമൽ, റക്ക്വോക്ക, സെസ്നോവ്ക, ഇവൻകൊവ്, ഒറനൊയെ, ചെർണോബിൽ, ഗ്ഡെൻ (ബെലാറസ്), ഗൊമെൽ വഴി വ്യോമമാർഗം റഷ്യയിലേക്ക്.
●മരിയൂപോളിൽനിന്ന് രണ്ടുവഴിയാണ് പ്രഖ്യാപിച്ചത്. നവോസോസ്ക്, റസ്തോവ്നദനു നഗരങ്ങൾ വഴി വ്യോമ, റെയിൽ മാർഗവും മറ്റു വാഹനങ്ങളിലും താൽക്കാലിക കേന്ദ്രങ്ങളിലേക്ക്. രണ്ടാമത്തേത് പോർട്ടോവസ്കെ, മംഗുഷ്, നികോൾസ്കെ, റെസ്പബ്ലിക്ക, റൊസോവ്ക, ബിൽമക്, പോലൊഗി, ഒറെകോവ്, സിപോസിയ വഴിയുള്ള ഇടനാഴി.
●ഖർകിവിൽനിന്ന് നെഖോതെയ്വ്ക, അവിടെനിന്ന് ബൽഗൊരോദിലേക്ക്. ഇവിടെനിന്ന് വ്യോമ, റെയിൽ മാർഗവും വാഹനങ്ങളിലും താൽക്കാലിക താമസ കേന്ദ്രങ്ങളിലേക്ക്.
●സുമിയിൽനിന്ന് രണ്ടുവഴിയാണുള്ളത്. സുഡ്സ, ബൽഗരോദ് വഴി താൽക്കാലിക കേന്ദ്രങ്ങളിലേക്ക്. മറ്റേത് സുമി, ഗൊലുവൊവ്ക, റൊമ്നി, ലോക് വിസ്ത, ലുബ്നി, പോൾടാവ വഴി
വിദേശ മന്ത്രിതല ചർച്ച വ്യാഴാഴ്ച
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഉക്രയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. തുർക്കിയിലെ അന്റാലിയയിലാണ് കൂടിക്കാഴ്ച. ഉക്രയ്ൻ പ്രതിസന്ധിക്കുശേഷം മന്ത്രി തലത്തിൽ നടക്കുന്ന ആദ്യ ചർച്ചയാണിത്.
വിയന്ന വ്യവസ്ഥകൾ പാലിക്കണമെന്ന് റഷ്യ
നയതന്ത്രബന്ധങ്ങളെ സംബന്ധിക്കുന്ന വിയന്ന കരാർ വ്യവസ്ഥകൾ പാശ്ചാത്യരാജ്യങ്ങൾ പാലിക്കണമെന്ന് റഷ്യൻ വിദേശമന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. റഷ്യൻ എംബസികൾക്ക് അംഗീകാരം നൽകണമെന്നും റോസിയ- ടെലിവിഷനിലെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അഭയാർഥികൾ 17 ലക്ഷം
ഉക്രയ്നില്‍നിന്ന് അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്തവരുടെ എണ്ണം 17 ലക്ഷമായെന്ന് യുഎൻ അഭയാർഥി ഹൈകമീഷൻ. ഞായറാഴ്ച ഇത് 15 ലക്ഷമായിരുന്നു. ഏജൻസിയുടെ കണക്കനുസരിച്ച്, പത്തുലക്ഷത്തിലധികം പേര് പോളണ്ടിൽ എത്തി. 1,80,000-ത്തിലധികം പേർ ഹംഗറിയിലും 1,28,000 പേർ സ്ലൊവാക്യയിലും എത്തി. ഉക്രയ്ന് അഭയാര്‍ഥികളെ സ്വീകരിക്കുന്ന 27 രാജ്യങ്ങള്‍ക്കും എല്ലാവിധ സഹായവും ചെയ്തു കൊടുക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു.