തിരുവനന്തപുരം
ചിലർ ബോധപൂർവം കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരിധി വിട്ടാൽ എവിടെ നിർത്തണമെന്ന് അറിയാമെന്നും അദ്ദേഹം ഭീഷണി മുഴക്കി. താനും കെപിസിസി പ്രസിഡന്റുമായി ഭിന്നതയെന്ന തരത്തിലാണ് വാർത്ത. ഏതു കേന്ദ്രത്തിൽനിന്നാണ് ഇതെന്ന് അറിയാം.
വാർത്ത വിളിച്ചുപറയുമ്പോൾ അങ്ങനെതന്നെ എഴുതിയെടുക്കരുത്. എല്ലാ ദിവസവും തെറ്റായ വാർത്ത മാധ്യമങ്ങൾക്ക് നൽകുന്ന ഒരു സംഘം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നു. താൻ ഒരു ഗ്രൂപ്പിലും ഉണ്ടാകില്ല. ഗ്രൂപ്പിന്റെ ഭാഗമാകേണ്ടി വന്നാൽ പാർടിയിലെ ഒരു സ്ഥാനത്തും ഉണ്ടാകില്ലെന്നും സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പണിയുമില്ലാത്തവർ കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാണെന്ന് സതീശൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.