കീവ്
റഷ്യൻ ടാങ്കുകളെ ഉക്രയ്ൻ നേരിട്ടത് അമേരിക്ക നൽകിയ ടാങ്ക് വേധ മിസൈൽ ഉപയോഗിച്ച്. കൈയിൽ പിടിച്ച് തൊടുക്കാൻ കഴിയുന്ന അമേരിക്കൻ ജാവലിൻ മിസൈൽ ഉപയോഗിച്ച് 280 റഷ്യൻ ടാങ്കുകൾ ഉക്രയ്ൻ തകർത്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 300 തവണയാണ് മിസൈൽ പ്രയോഗിച്ചത്. തുടർന്ന് റഷ്യ തങ്ങളുടെ ടി72 ടാങ്കുകൾ യുദ്ധമുഖത്തുനിന്ന് പിൻവലിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പൊതുവെ ടാങ്കുകളുടെ വശങ്ങൾ കട്ടിയുള്ളതായിരിക്കും. ദുർബലമായ മുകൾഭാഗത്താണ് ജാവലിൻ മിസൈൽ പതിക്കുക. ഒരാൾക്കുതന്നെ കൈയിൽ പിടിച്ച് മിസൈൽ പ്രയോഗിക്കാം. യുഎസിലെ റെയ്തിയോൺ മിസൈൽസ് ആൻഡ് ഡിഫൻസ് നിർമിച്ച ജാവലിൻ മിസൈൽ 2018ലാണ് ആദ്യമായി ഉക്രയ്നിൽ എത്തുന്നത്.