കൊച്ചി> വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകോത്തര നിലവാരത്തിലാകണമെന്നും പറയുമ്പോൾ നാട്ടിൽ നടക്കാൻപാടില്ലാത്ത കാര്യം കമ്മ്യൂണിസ്റ്റ് പാർടി സമ്മേളനത്തിൽ ചർച്ച ചെയ്യുകയാണെന്ന തെറ്റിദ്ധാരണ പരത്താനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളന സമാപന പൊതുസമ്മേളന ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇതു വിശദമാക്കിയത്.
വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടണം എന്നു പറയുമ്പോൾ അത് തൊഴിലാളികൾക്ക് എതിരാണെന്നു വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകോത്തര നിലവാരത്തിലാകണമെന്നു പറയുമ്പോൾ ചിലർ എന്തോ നടക്കാൻ പാടില്ലാത്തത് നടക്കാൻപോകുന്നു എന്ന് പരത്താൻ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസ മേഖലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്ഥാപനങ്ങൾ ഇപ്പോൾ തന്നെയുണ്ട്. എൽഡിഎഫ് സർക്കാർ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച രീതിയിൽ നടത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇതുപോലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്ഥാപനങ്ങളുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകോത്തര നിലവാരത്തിലാകണമെന്നാണ് നമ്മൾ പറയുന്നത്. നമ്മുടെ സ്ഥാപനങ്ങൾ മെച്ചപ്പെടണം. പ്രതിഭാധനരായ ഫാക്കൽറ്റി വേണം. ഇതേ നമ്മൾ പറയുന്നുള്ളൂ. നമ്മുടെ സർവകലാശാലകളും ഇവിടെയുണ്ട്. അതും നിലവാരം ഉയർത്തേണ്ടിവരും. ഡീംഡ് സർവകലാശാലകൾ വരെ ഇപ്പോൾ തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഒരു വികസനവും വരരുതെന്ന നിലപാടെടുത്ത ബിജെപിയുമായി ചേർന്ന് യുഡിഎഫും വികസനം തടയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാർ നിർദേശിച്ച പദ്ധതിയായ അതിവേഗ റെയിൽ, എൽഡിഎഫ് സർക്കാർ ചെലവുചുരുക്കി സെമിസ്പീഡ് റെയിൽ ആക്കിയിട്ടും അവർ അതിനെ തടസപ്പെടുത്തുകയാണ്. വികസനം തടയുന്നതിനെതിരെ ജനങ്ങൾ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു