മോസ്കോ> ഉക്രയ്നില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെയും മറ്റു വിദേശികളെയും ഒഴിപ്പിക്കുന്നതിന് ബസുകള്‍ സജ്ജമാക്കിയതായി റഷ്യ. ഖാര്‍കിവ്, സുമി നഗരങ്ങളില്‍നിന്ന് റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലേക്ക് വിദേശികളെ എത്തിക്കുന്നതിനായി 130 ബസ് സജ്ജമാണെന്ന് റഷ്യന്‍ സൈനിക മേധാവി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ഉക്രയ്നിലെ സംഘര്‍ഷമേഖലകളില്‍നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതിനു തൊട്ടുപിന്നാലെയാണ് റഷ്യന്‍ നാഷണല്‍ ഡിഫന്‍സ് കണ്ട്രോള് സെന്റര്‍ മേധാവി കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്റ്സെവ് ഇക്കാര്യം അറിയിച്ചത്.
ചെക്ക്പോസ്റ്റുകളില്‍ താല്‍ക്കാലിക താമസത്തിനും വിശ്രമത്തിനുമുള്ള സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കും. ഒഴിപ്പിച്ചവരെ റഷ്യന്‍ സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെ വിമാനമാര്‍ഗം അവരുടെ മാതൃരാജ്യത്തേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.