റിയാദ് > ഇസ്ലാമിക ശരീഅത്ത് അനുസരിച്ചു ഭരണം നടത്തുന്ന സൗദിയിൽ കൊലയാളിക്കു പ്രതിക്രിയ നൽകാനുള്ള അവകാശം കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികളിൽ നിക്ഷിപ്തമാണ്. കൊലയാളിയെ വധശിക്ഷക്ക് വിധേയമാക്കാതെ രണ്ടു വിഭാഗവും തമ്മിൽ നടത്തുന്ന അനുരഞ്ജനത്തിനും നിയമം പ്രോത്സാഹനം നൽകുന്നുണ്ട്. ഇതനുസരിച്ചു ശൂറാ കൗൺസിലിന്റെ നിയമങ്ങളുടെ ആർട്ടിക്കിൾ 23 അനുസരിച്ച് സമർപ്പിച്ച പ്രതിക്രിയയിൽ നടത്തുന്ന അനുരഞ്ജനത്തിന്റെ നിർദ്ദിഷ്ട കരട് രേഖക്ക് കഴിഞ്ഞ ദിവസം സൗദി ശൂറ കൗൺസിൽ അംഗീകാരം നൽകി.
ഈ നിയമം യഥാസമയത്ത് അവതരിപ്പിച്ചിരുന്നുവെന്നും കഴിഞ്ഞ സെഷനിൽ ഷൂറ കൗൺസിലിലെ ഒരു കൂട്ടം അംഗങ്ങൾ ഇത് അവതരിപ്പിച്ചതാണെന്നും പ്രതിക്രിയക്ക് പകരമായുള്ള അനുരഞ്ജനത്തിന് വേണ്ടിയുള്ള തുക ശേഖരിക്കുക, അതുപോലെ ഒരു നിശ്ചിത പരിധി നിശ്ചയിച്ച് നഷ്ടപരിഹാരം കണക്കാക്കുക, അനുരഞ്ജനത്തിന്റെ തുക നൽകുന്നതിനുള്ള സംവിധാനം നിയന്ത്രിക്കുക, സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കുക, ദൈവ പ്രീതി ലക്ഷ്യമാക്കി മാപ്പ് കൊടുക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം എന്ന് ശൂറ കൗൺസിൽ അംഗം ഡോ. നാസിഹ് അൽ-ബഖമി വ്യക്തമാക്കി.
“അനുരഞ്ജന ഫണ്ട് ശേഖരിക്കുന്നതിനായി ഏതെങ്കിലും തരത്തിൽ പരസ്യം ചെയ്യാനോ, അതിനായി ഒത്തുകൂടലുകൾ സംഘടിപ്പിക്കാനോ കുറ്റവാളിയുടെ രക്ഷാധികാരിക്ക് അവകാശമില്ല. “ഇരയുടെ രക്ഷിതാവ് നഷ്ടപരിഹാരം വേണ്ടെന്നു വെച്ച് നിരുപാധികം മാപ്പ് നൽകിയാൽ, അയാൾക്ക് കിംഗ് അബ്ദുൽ അസീസ് ഒന്നാം റാങ്ക് മെഡൽ നൽകുകയും അയാളെ അതാത് പ്രദേശത്തെ ഗവർണർ ആദരിക്കുകയും ചെയ്യും.
ഇനി പ്രതിക്രിയക്ക് പകരമായി ബ്ളഡ് മണിയോടെ മാപ്പ് നൽകിയാൽ, ദിയ പണത്തിന്റെ അളവ് 5 ദശലക്ഷം റിയാലിൽ കവിയാൻ പാടില്ല എന്നും ഇതാണ് ഈ കരട് രേഖയിലെ പ്രധാന ഭാഗമെന്നും ഡോ. നാസിഹ് അൽ-ബഖമി ഊന്നിപ്പറഞ്ഞു.
ബ്ലഡ് മണി ശേഖരിക്കുന്ന രീതിയെക്കുറിച്ച് ഡോ. “അൽ-ബഖമി” വിശദീകരിച്ചു, അതാത് പ്രവിശ്യയിലെ ഗവർണറേത്തിന്റെ കീഴിൽ ഉള്ള അനുരഞ്ജന സമിതിയാണ് അനുരഞ്ജന നടപടിക്രമങ്ങൾ ഏറ്റെടുക്കേണ്ടതെന്നും അതിനയായി സമിതി അംഗീകൃത അക്കൗണ്ട് തുറക്കണമെന്നും അതിലേക്ക് സംഭാവനകൾ ക്ഷണിക്കണമെന്നും നിശ്ചിത തുക പൂർത്തിയാക്കിയ ശേഷം ഈ അക്കൗണ്ട് ക്ലോസ് ചെയ്യുകയും വേണം എന്നും ഈ രീതിയിലല്ലാതെ സംഭാവന പിരിക്കാൻ അനുവദിക്കില്ലെന്നും ഡോ. “അൽ-ബഖമി” വ്യക്തമാക്കി. ഈ നിയമ സംവിധാനം ലംഘിക്കുന്നവർക്ക് ഒരു വർഷത്തിൽ കൂടാത്ത തടവോ 1,00,000 റിയാലിൽ കൂടാത്ത പിഴയോ ശിക്ഷ ലഭിക്കും. ഈ പദ്ധതിയുടെ അംഗീകാരത്തിനായി കരട് നിർദ്ദേശം മന്ത്രിമാരുടെ കൗൺസിലിന് സമർപ്പിക്കും എന്നും ശൂറ കൗൺസിൽ അംഗം ഡോ. നാസിഹ് അൽ-ബഖമി പറഞ്ഞു