കാലിഫോർണിയയിലെ സാൻ പാബ്ലോയിൽ നിന്നുള്ള ഒഡാലിസും ഗർഭിണിയായി 2020 നവംബറിലാണ് കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നത്. തൊട്ടു മുൻപ് ഗർഭം ധരിച്ചത് അലസിപ്പോയതുകൊണ്ട് തന്നെ ഒഡാലിസും അന്റോണിയോ മാർട്ടിനെസും കുഞ്ഞുണ്ടാവുന്നതിൽ അതീവ സന്തുഷ്ടരായിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം അവർ ഒരു പരിശോധനയ്ക്ക് പോയപ്പോൾ, ഒരേ ആഴ്ചയിൽ വ്യത്യസ്ത സമയങ്ങളിൽ ഗർഭം ധരിച്ച രണ്ട് കുഞ്ഞുങ്ങളെ ഒഡാലിസിൻ്റെ ഗർഭപാത്രത്തിൽ വളരുന്നതായി ദമ്പതികൾ കണ്ടെത്തി.
അപൂർവ പ്രതിഭാസമായ സൂപ്പർഫെറ്റേഷൻ ആണ് ഇതിനു കാരണം. ആദ്യ ഗർഭധാരണം കഴിഞ്ഞ് ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞ് രണ്ടാമത്തേത് സംഭവിക്കാം. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 10നാണ് ഒഡാലിസ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആദ്യം ഗർഭം ധരിച്ച ലിലോ തന്നെയാണ് ആദ്യം ജനിച്ചതും. രണ്ടാമത്തെ കുട്ടി ഇമെൽഡ.
മകൾ ലിലോയും ഇമെൽഡയും വളരെ സാമ്യമുള്ളതിനാൽ തനിക്കും അന്റോണിയോയ്ക്കും അവരെ പരസ്പരം തെറ്റാറുണ്ട് എന്ന് ഒഡാലിസ് പറയുന്നു.
ഞാൻ ആദ്യം കരുതിയത് കുട്ടികൾ ഇരട്ടകളാണെന്നാണ്, പക്ഷേ ഒരുപാട് ലേഖനങ്ങൾ വായിച്ചതിന് ശേഷം അവർ സാങ്കേതികമായി ഇരട്ടകളല്ലെന്ന് ഞാൻ മനസ്സിലാക്കി. പക്ഷേ ഇത് മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കാൻ പാടാണ്. അതിനാൽ ഞാൻ അവരോട് ‘അതെ, അവർ ഇരട്ടകളാണ്’ എന്ന് പറയും. അവർ സാങ്കേതികമായി പോലും സമാനരല്ല, പക്ഷേ എല്ലാവരും കരുതുന്നത് അവർ ഇരട്ടകളാണ് എന്നാണ്. കാഴ്ച്ചയിൽ അവർ ഒരുപോലെയാണ്,” ഒഡാലിസ് പറഞ്ഞതായി ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്യുന്നു.