ബുക്കാറസ്റ്റിൽ നിന്നും ബുഡാപെസ്റ്റിൽ നിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാർഥികൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് ന്യൂഡൽയിൽ എത്തിയത്. ഇതിൽ 11 പേരെ കണ്ണൂർ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വിമാനത്താവളത്തിലൂടെയും 16 പേരെ തിരുവനന്തപുരം വിമാനത്താവളത്തിലൂടെയും കേരളത്തിലെത്തിക്കും.
വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസി ഇന്ന് നിർദേശം നൽകിയിരുന്നു. ലഭ്യമായ ട്രെയിൻ സർവീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിർദേശം.
യുക്രൈനിൽ നിന്ന് ഇന്നലെ ഡൽഹിയിൽ എത്തിയ 36 വിദ്യാർഥികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിൽ 25 പേരെ ഇന്ന് രാവിലെ 5.35 ന് പുറപ്പെട്ട വിസ്താര യുകെ 883 ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിച്ചു. 11 പേരെ 8.45 ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട വിസ്താര യുകെ 895 ഫ്ലൈറ്റിലും നാട്ടിലെത്തിച്ചു. ഇന്ന് രണ്ട് ഇൻഡിഗോ ഫ്ലൈറ്റുകൾ കൂടി ഡൽഹിയിലെത്തി. ബുക്കാറസ്റ്റിൽ നിന്ന് ഇന്നലെ രാവിലെ 10.30നും ബുഡാപെസ്റ്റിൽ നിന്ന് 10.55നും പുറപ്പെട്ട ഫ്ലൈറ്റുകളാണ് ഇന്ന് ഡൽഹിയിൽ എത്തിയത്. ബുക്കാറസ്റ്റിൽ നിന്ന് ഇന്ന് രാവിലെ 11.30 ന്ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യയുടെ എ 1 1942 വിമാനം രാത്രി 9.20ന് ഡൽഹിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വ്യോമസേനയ്ക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണ് ഗ്ലോബ്മാസ്റ്റർ ഉൾപ്പെടെയുള്ള വിമാനങ്ങൾ യുക്രൈൻ്റെ അതിർത്തി രാജ്യങ്ങളിലേക്ക് എത്തുക. വരും മണിക്കൂറിൽ തന്നെ ഗ്ലോബ്മാസ്റ്റർ വിമാനം രക്ഷാദൗത്യത്തിൻ്റെ ഭാഗമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വ്യോമസേനമയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് യുക്രൈനിൽ നിന്ന് ഒഴിപ്പിക്കൽ അതിവേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.