മനാമ> സ്വകാര്യ മേഖലയില്‍ യുഎഇ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ മന്ത്രിസഭാ തീരുമാനം. 2026ല്‍ സ്വകാര്യമേഖലയിലെ സ്വദേശികളുടെ എണ്ണം 75,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചതായി യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.
പരിശീലനത്തിന് സാമ്പത്തിക സഹായം, സ്വകാര്യമേഖലയിലെ സ്വദേശികള്‍ക്ക് സബ്സിഡി, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് സ്വന്തമായി കമ്പനികള്‍ തുടങ്ങാന്‍ സഹായം തുടങ്ങിയവ പുതിയ പദ്ധതിയുടെ സവിശേഷതയാണ്. യുഎഇ പൗരന്മാര്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിക്കും. തൊഴില്‍ അവസരം, പാര്‍പ്പിടം, വികസനം, വിദ്യാഭ്യാസം എന്നിവയില്‍ യുഎഇ പൗരന്മാര്ക്ക് മുന്‍ഗണ നല്‍കും.
സ്വദേശിവല്ക്കരണത്തിന്റെയടിസ്ഥാനത്തില് സ്ഥാപനങ്ങളെ തരംതിരിക്കും. പൗരന്മാര്ക്കായി ഗ്രാമവികസന വിനോദസഞ്ചാര മേഖല സമന്വയിപ്പിക്കും. യുഎഇ തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്താന്‍ പ്രത്യേക നടപടികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്കി. അഞ്ച് വര്‍ഷത്തിനകം സ്വകാര്യമേഖലയിലെ തൊഴിലാളികളില്‍ പത്ത് ശതമാനം സ്വദേശികള്‍ എന്ന പദ്ധതിക്ക് കഴിഞ്ഞ സെപ്തംബറിലാണ് തുടക്കമിട്ടത്.