മംഗളൂരു
ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തടഞ്ഞതിനുപിന്നാലെയുണ്ടായ പ്രതിഷേധത്തെത്തുടർന്ന് മംഗളൂരുവിൽ കോളേജ് അടച്ചിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിൽ മതചിഹ്നങ്ങൾ പാടില്ലെ ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഹിജാബ് ധരിച്ച വിദ്യാർഥികളെ ഉള്ളാൾ ഭാരത് പ്രീ യൂണിവേഴ്സിറ്റി കോളേജ് തടഞ്ഞത്. വിദ്യാർഥിനികൾ ക്ലാസിൽ കയറുന്നത് തുടർച്ചയായി രണ്ടാം ദിവസവും കോളേജ് അധികൃതർ വിലക്കിയതോടെയാണ് വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളേജിനുമുന്നിൽ ഹിജാബണിഞ്ഞ വിദ്യാർഥിനികൾ കുത്തിയിരിപ്പുസമരം നടത്തി. സഹപാഠികളായ ആൺകുട്ടികളും ഇവർക്ക് പിന്തുണയുമായെത്തി. വിദ്യാർഥികൾ ഒന്നടങ്കം ക്ലാസുകൾ ബഹിഷ്കരിച്ച് കവാടത്തിനരികിലിരുന്നു.
മംഗളൂരു ഡെപ്യൂട്ടി പൊലീസ് കമീഷണർ ഹരിറാം ശങ്കർ, എസിപി ദിനകർ, ഉള്ളാൾ ഇൻസ്പെക്ടർ സന്ദീപ് എന്നിവരെത്തി വിദ്യാർഥികളുമായി സംസാരിച്ചെങ്കിലും അവർ പിന്മാറിയില്ല. സ്ഥലം എംഎൽഎ യു ടി ഖാദർ തഹസിൽദാരുടെ സാന്നിധ്യത്തിൽ കോളേജ് മാനേജ്മെന്റുമായും രക്ഷിതാക്കളുമായും നടത്തിയ ചർച്ചയും ഫലം കണ്ടില്ല. ഇതോടെ കോളേജ് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.