തിരുവനന്തപുരം
പാർലമെന്റിലെ ഭൂരിപക്ഷം ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാനുള്ള ലൈസൻസായാണ് കേന്ദ്ര സർക്കാർ കാണുന്നതെന്ന് അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക ദ്രോഹ നയങ്ങൾക്കെതിരെ സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് വന്നശേഷം രാജ്യത്ത് അഞ്ചുകോടിയോളം ജനങ്ങൾകൂടി പട്ടിണിയിലായി. തൊഴിൽ നഷ്ടമായവരുടെ എണ്ണത്തിലും വൻവർധനയുണ്ടായി. ഏറ്റവും ഒടുവിൽ അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവയ്ക്കെല്ലാമുള്ള വകയിരുത്തലുകളിൽ വലിയ കുറവുണ്ടായി. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതവും വെട്ടിക്കുറച്ചു. സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചതിലൂടെ കോവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള സംസ്ഥാനങ്ങളുടെ സാധ്യതയുടെ വാതിലാണടച്ചത്.
കേന്ദ്ര സർക്കാരിന് ജനം എന്ന പരിഗണനയിൽ അംബാനിയും അദാനിയും മാത്രമാണുള്ളത്. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയത് ഇവരാണ്. രാജ്യസമ്പത്ത് ഒന്നൊന്നായി കൈമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു അധ്യക്ഷനായി.