തിരുവനന്തപുരം
നൂതന വ്യവസായങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് നൈപുണ്യവികസന പരിപാടികൾ പുനക്രമീകരിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി കെഎസ്ഐഡിസിയും ഇൻകേടെക്കും എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും ചേർന്ന് ആരംഭിക്കുന്ന ‘ഡെക്സോ ഇൻഡസ്ട്രി- അക്കാദമിയ കണക്ടി’ന്റെയും വെബ് പ്ലാറ്റ്ഫോമായ ഡിസൈൻ എക്സ്പോയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദഗ്ധരായ യുവ എൻജിനിയർമാരെയും എൻജിനിയറിങ് ഉൽപ്പന്നങ്ങളെയും സ്റ്റാർട്ടപ്പുകളെയും സംയോജിപ്പിക്കാനായി ഇൻകേടെക് തുടങ്ങുന്ന ‘ഡെക്സോ’ ഡിസൈൻ എൻജിനിയറിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. സാങ്കേതിക സർവകലാശാലയ്ക്കുകീഴിലെ 145 എൻജിനിയറിങ് കോളേജിലെ വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കെഎസ്ഐഡിസിയുടെ പിന്തുണയോടെ സ്ഥാപിതമായ സ്റ്റാർട്ടപ്പായ ഇൻകേടെക് ഓൾ ഇൻഡ്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ (എഐസിടിഇ) കീഴിൽ സ്കിൽ നോളജ് പാർട്ണറായും ഓട്ടോമോട്ടീവ് സ്കിൽ ഡെവലപ്മെന്റ് കൗൺസിലിലും ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്നുണ്ട്.
കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്കം, എപിജെ അബ്ദുൾ കലാം, സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. എം എസ് രാജശ്രീ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവരും സംസാരിച്ചു.