പത്ത് വർഷം പ്രവർത്തി പരിചയമുള്ള മികച്ച സേവന പാരമ്പര്യമുള്ള ഐടി സ്ഥാപനങ്ങൾക്കായിരിക്കും ലൈസൻസ് നൽകുക. ബാർ നടത്തിപ്പിനായി ഐടി സ്ഥാപനങ്ങൾക്ക് ഉപകരാർ നൽകാൻ സാധിക്കും. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിർദേശമുണ്ടാകും. ഐടി പാർക്കുകളിലായിരിക്കും മദ്യശാലകൾ. ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന. പുറത്തുനിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
പുതിയ മദ്യനയത്തിൻ്റെ ഭാഗമായി കള്ളുഷാപ്പുകൾക്ക് ആരാധനാലയങ്ങൾ, എസ്ഇ, എസ്ടി കോളനി വിദ്യാഭ്യാസ സ്ഥപനങ്ങൾ എന്നിവയിൽ നിന്നുള്ള ദൂരപരിധി 400 മീറ്ററിൽ നിന്ന് 200 മീറ്ററാക്കി കുറയ്ക്കണമെന്ന് എക്സൈസ് കമ്മീഷണർ ശുപാർശ നൽകി. ഒന്നാം സർക്കാരിൻ്റെ കാലത്തും ദൂരപരിധി കുറച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എൽഡിഎഫും നിർദേശിക്കുന്ന മാറ്റങ്ങളോടെ നയം മന്ത്രിസഭ അംഗീകരിച്ച് മാർച്ച് 21ന് മുൻപായി പുതിയ മദ്യനയത്തിൽ ഉത്തരവിറങ്ങും. അതിന് മുൻപായി വകുപ്പിലെ ചർച്ചകളുടെ കരട് റിപ്പോർട്ട് സിപിഎം ചർച്ച ചെയ്യും. മദ്യനയത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മദ്യ വിതരണത്തിൽ നിർണായക മാറ്റങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു.
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ വിൽപ്പനശാലകൾ സ്ഥാപിക്കുന്നതിനാകും പ്രധാന പരിഗണന. കൊവിഡ് സാഹചര്യത്തിൽ മദ്യവിൽപ്പന ശാലകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട തിരക്കും നീണ്ട നിരയും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. തിരക്ക് കുറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള മികച്ച സൗകര്യം ഏർപ്പെടുത്താൻ കഴിയാത്തതിൽ കോടതി പ്രതികരിക്കുകയും ചെയ്തു. ഈ സാചര്യങ്ങൾ കണക്കിലെടുത്താണ് കൂടുതൽ മദ്യവിൽപ്പന ശാലകൾ കൊണ്ടുവരാനുള്ള നീക്കം ബവ്കോ നടത്തുന്നുണ്ട്.