തിരുവനന്തപുരം> നിയമസഭയിൽ വീണ്ടും സ്വർണ്ണക്കടത്ത് നാടകമാടാനുള്ള പ്രതിപക്ഷ ശ്രമം പൊളിഞ്ഞടുങ്ങി. നിയമസഭയിൽ ജനാധിപത്യത്തെ കുറിച്ച് നിരന്തരം വാചകമടിക്കുന്ന യുഡിഎഫ് നേതാക്കൾ സ്പീക്കർക്കെതിരെ ആക്രോശിച്ചു. ഡയസ് മറച്ച് ബാനർ പിടിച്ച് ചട്ടലംഘനങ്ങൾ നടത്തി.
ഷാഫി പറമ്പിലാണ് സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പേരിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. സുഗമമായി നടന്നുവന്ന സമ്മേളനത്തിൽ പ്രശ്നമുണ്ടാക്കലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലുമായിരുന്നു ലക്ഷ്യം. രമേശ് ചെന്നിത്തലയുടെ കാലത്തുള്ള ‘ വീര്യം ’ പ്രതിപക്ഷത്തിനില്ല എന്ന ചർച്ച കോൺഗ്രസിൽ സജീവമായ വേളയിൽ കൂടിയാണിത്.
കഴിഞ്ഞ സഭയിലും ഈ സർക്കാർ വന്നശേഷവും അനവധി വേളകളിൽ സഭയിൽ ചർച്ച ചെയ്ത് മറുപടി പറഞ്ഞ വിഷയമാണ് സ്വർണ്ണക്കടത്ത്. സർക്കാരിനെതിരായ ഒരാരോപണത്തിലും കഴമ്പില്ലെന്നും തെളിഞ്ഞു. പത്തിന് ശൂന്യവേളയിൽ, ചട്ടപ്രകാരം തന്നെ നോട്ടീസിന് അനുമതി നഷേധിക്കുന്നതായി സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കി. വിഷയം കോടതികളുടെ പരിഗണനയിൽ ഇരിക്കുന്നു, അടിയന്തര പ്രാധാന്യം തീരെ ഇല്ല. ഇതോടെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിനുമുന്നിൽ ബഹളം വച്ചു. ശ്രദ്ധക്ഷണിക്കലിൽ പി പി ചിത്തരഞ്ജൻ സംസാരിക്കാൻ തുടങ്ങിയെങ്കിലും ബഹളം തുടർന്നു.പ്രതിപക്ഷ നേതാവിന് മൈക്ക് നൽകണമെന്നായി.
മന്ത്രി സജി ചെറിയാന്റെ മറുപടിക്ക് ശേഷം വി ഡി സതീശന് മൈക്ക് നൽകി. കീഴ്വഴക്കത്തിന്റെ പേരിൽ വിഷയം ചർച്ച ചെയ്യണമെന്ന് സതീശൻ. സ്പീക്കർ നിലപാട് ആവർത്തിച്ചു.
മുദ്രാവാക്യം എഴുതിയും ബാനർ തയ്യാറാക്കിയും പ്രതിപക്ഷം സഭയിലെത്തിയത് തന്നെ തെളിയിക്കുന്നത് അനുമതി കിട്ടില്ലെന്ന് അറിഞ്ഞാണ് നോട്ടീസ് നൽകിയത് എന്നാണ്.
സ്പീക്കറുടെ മുന്നിൽ ബാനർ പിടിച്ചതോടെ ഭരണപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തു, ബഹളമായി. പത്തരയോടെ സഭ നിർത്തി. ചട്ടലംഘനമടക്കം വിഷയമുള്ളതിനാൽ കക്ഷിനേതാക്കളുടെ യോഗം ചേർന്നു. സമവായ ശ്രമം പ്രതിപക്ഷം തള്ളി. പതിനൊന്ന് മണിയോടെ വീണ്ടും സഭ ചേർന്നു. വ്യാഴാഴ്ചത്തെ നടപടികൾ ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. ഗവർണർക്ക് നന്ദി അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസംഗമടക്കം ബാക്കി നടപടികൾ സുഗമമായി നടന്നു. പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർ സംസാരിക്കേണ്ട ദിവസമായിരുന്നു വ്യാഴാഴ്ച.