ഉപ്പ്
ഉപ്പുവെള്ളം ഉപയോഗിച്ച് കവിൾക്കൊള്ളുന്നത് തൊണ്ടയിലെ ചൊറിച്ചിൽ, വേദന എന്നിവയിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകുന്നു. ഇതിനായി, കുറച്ച് വെള്ളം ചൂടാക്കി ഏകദേശം ½ ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. വെള്ളം ചെറുചൂടുള്ളതായിരിക്കരുത്, പകരം അത്യാവശ്യം ചൂടുള്ള വെള്ളമായിരിക്കണം. ഉപ്പുവെള്ളം ഒരു സിപ്പ് എടുത്ത് ഏകദേശം 10 സെക്കൻഡ് നേരംഗാർഗ്ഗിൾ ചെയ്യുക. നിങ്ങൾക്ക് ഒരു ദിവസം രണ്ടോ മൂന്നോ തവണ ഉപ്പുവെള്ളം കവിൾക്കൊള്ളാം.
കുരുമുളകും തേനും
തൊണ്ടയിലെ ചൊറിച്ചിൽ, വേദന, ജലദോഷം, ചുമ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി നമ്മുടെ മുത്തശ്ശിമാർ ഉപയോഗിച്ചിരുന്ന ഒരു പഴക്കമുള്ള പ്രതിവിധിയാണ് കുരുമുളകും തേനും ചേർത്ത ഒറ്റമൂലി. തേൻ ചുമയെ തടയുന്ന ഒരു പ്രകൃതിദത്ത മരുന്നാണ്, ഇത് നിങ്ങൾക്ക് തൽക്ഷണം ആശ്വാസം നൽകും. ഈ മിശ്രിതത്തിൽ അടങ്ങിയ ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് നിരവധി അണുബാധകൾക്കെതിരെ പോരാടാനാകും.
ഇഞ്ചി
ശക്തമായ ഔഷധഗുണമുള്ള ജിഞ്ചറോൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. തൊണ്ടയിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ വീട്ടിലുണ്ടാക്കുന്ന ഒറ്റമൂലികളുടെ ഏറ്റവും പ്രധാന ഭാഗമാണ് ഇഞ്ചി. ഒരു കഷ്ണം ഇഞ്ചി ചതച്ചോ അരച്ചോ ഒരു പാനിൽ ചേർക്കുക. ഇനി ഇതിലേക്ക് 1 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഏകദേശം 5 മിനിറ്റ് ചൂടാക്കുക. ശേഷം, ഇഞ്ചി വെള്ളം അരിച്ചെടുത്ത് ചൂടോടെ തന്നെ കുടിക്കുക.
ആപ്പിൾ സിഡെർ വിനാഗിരി
ആപ്പിൾ സിഡെർ വിനാഗിരി തൊണ്ടയിലെ അസ്വസ്ഥത ശമിപ്പിക്കാൻ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ 1 ടീസ്പൂൺ ആപ്പിൾ സിഡെർ വിനാഗിരി കലർത്തുക. പാനീയം നല്ല ചൂടുണ്ടെങ്കിൽ ഇത് അൽപ്പം തണുപ്പിച്ച് ഒഴിഞ്ഞ വയറ്റിൽ കുടിക്കുക.
ഇരട്ടിമധുരം
ആൻറി വൈറൽ, ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ അനുഗ്രഹീതമായ ഒരു പ്രകൃതിദത്തമായ പ്രതിവിധിയാണ് ഇരട്ടിമധുരം. തൊണ്ടയിലെ അസ്വസ്ഥത മാത്രമല്ല, ദഹനക്കേട്, മലബന്ധം, വയറ്റിലെ അൾസർ, മറ്റ് പല ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കും ഇത് ശരീരത്തിന് ഗുണം ചെയ്യും. ഇരട്ടിമധുരം കഴിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ചായ ഉണ്ടാക്കുക എന്നതാണ്. 1 ഗ്ലാസ് വെള്ളത്തിനൊപ്പം ഒരു പാനിൽ 1 ഇരട്ടിമധുരത്തിന്റെ വേര് ചേർത്ത് തിളപ്പിക്കുക, നന്നായി തിളച്ച ശേഷം കുടിക്കാൻ പാകത്തിന് ചൂടാറുമ്പോൾ ഈ ചായ അരിച്ചു കുടിച്ചാൽ മതി.
മഞ്ഞൾ
കുർക്കുമിൻ അടങ്ങിയിട്ടുള്ളതിനാൽ മഞ്ഞളിന് അത്ഭുതകരമായ ചില രോഗശാന്തി ഗുണങ്ങളുണ്ട്. ഇതിൽ ആൻറി ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു പാനിൽ 1 കപ്പ് പാൽ ഒഴിച്ച് ¼ ടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് തിളപ്പിക്കുക. പാനീയം കൂടുതൽ ഫലപ്രദമാക്കാൻ മഞ്ഞൾപ്പൊടിക്ക് പകരം പച്ച മഞ്ഞൾ കഷ്ണം ചേർക്കാം. ഏകദേശം 5 മിനിറ്റ് തിളപ്പിക്കുക. ചൂടോടെ കുടിക്കുക. മധുരമുള്ളതാക്കാൻ കുറച്ച് ശർക്കരപ്പൊടിയും ചേർക്കാം.
നെല്ലിക്ക
തൊണ്ടവേദനയ്ക്ക് 24 മണിക്കൂറിനുള്ളിൽ വലിയ ആശ്വാസം നൽകുന്ന ഏറ്റവും ഫലപ്രദമായ ഒരു പ്രതിവിധിയാണ് അംല അഥവാ നെല്ലിക്ക. ചൂടുവെള്ളത്തിൽ 2 ടീസ്പൂൺ നെല്ലിക്ക ജ്യൂസ്, 1 ടീസ്പൂൺ തേൻ, 1/4 ടീസ്പൂൺ കുരുമുളക് പൊടി എന്നിവ കലർത്തുക. പരമാവധി പ്രയോജനങ്ങൾക്കായി നന്നായി ഇളക്കി ദിവസത്തിൽ രണ്ടു തവണ ഈ പാനീയം കുടിക്കുക.
ഗ്രാമ്പൂ
ഗ്രാമ്പൂ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളാൽ നിറഞ്ഞതാണ്. ഗ്രാമ്പൂ നിങ്ങൾക്ക് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കാം അല്ലെങ്കിൽ പച്ച ഗ്രാമ്പൂ ചവയ്ക്കാം.
കറുവപ്പട്ട
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ പോലെ, കറുവപ്പട്ടയിലും ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കറുവപ്പട്ട പാനീയം ഉണ്ടാക്കാൻ, ഒരു കപ്പ് വെള്ളം എടുത്ത്, അതിൽ ഒരു കഷ്ണം കറുവപ്പട്ട ഇട്ട് തിളപ്പിക്കുക. 5 മിനിറ്റ് ചൂടാക്കുക. ഇനി പാനീയം അരിച്ചെടുത്ത് ചൂടോടെ കുടിക്കുക.