അമേരിക്കൻ സ്വദേശിയായ കരോൾ മാക്ക്, 40 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഭർത്താവുമായി വേർപിരിഞ്ഞ് പിന്നീട് യഥാർത്ഥ പ്രണയം കണ്ടെത്തിയതെങ്ങനെയെന്ന് ലളിതമായ വാക്കുകളിൽ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. വിവാഹ നിശ്ചയ മോതിരം അണിഞ്ഞ മാക്കിന്റെ ഫോട്ടോയും കൂടെയുള്ള ട്വീറ്റ് ഇതിനകം 1 ദശലക്ഷത്തിലധികം ലൈക്കുകളും 72,000 റീട്വീറ്റുകളും നേടിയിട്ടുണ്ട്.
“ജീവിതം വളരെ വിചിത്രമാണ്. ഏകദേശം നാല് പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യത്തിന് ശേഷം, 70 വയസ്സിൽ വീണ്ടും ‘അവിവാഹിത’ ആകും ഞാൻ എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 73-ാം വയസ്സിൽ ഒരു മഹാമാരിയുടെ (കൊവിഡ്-19) നടുവിൽ യഥാർത്ഥ പ്രണയം കണ്ടെത്തുമെന്ന് ഞാൻ തീർച്ചയായും പ്രതീക്ഷിച്ചിരുന്നില്ല”, കരോൾ ട്വിറ്ററിൽ കുറിച്ചു.
ട്വിറ്റർ ബയോ അനുസരിച്ച് കരോൾ വിരമിച്ച നഴ്സ്, അഭിഭാഷകൻ, അധ്യാപകൻ, അവകാശ അഭിഭാഷകൻ, പൊതു പ്രഭാഷകയാണ്. കാലിഫോർണിയയിൽ താമസിക്കുന്ന മാക്ക് ഒരിക്കൽ കൂടി പ്രണയം കണ്ടെത്തുന്നതിന്റെ ആവേശം പ്രകടിപ്പിച്ചെങ്കിലും തന്റെ പുതിയ കാമുകനെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
അതെ സമയം എന്താണ് ആദ്യ വിവാഹം തകരാൻ കാരണം എന്നാണ് പലർക്കും അറിയേണ്ടത്? മുൻഭർത്താവ് തന്നെ വഞ്ചിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് താൻ ബന്ധം അവസാനിപ്പിച്ചതായി മാക്ക് മറുപടി നൽകി. “നന്ദി! എനിക്ക് എന്റെ ഭർത്താവിനെ ശരിക്കും നഷ്ടമായില്ല (മരണപെട്ടതല്ല). അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ അവനെ എന്റെ ജീവിതത്തിൽ നിന്നും പുറത്താക്കി. പിന്നീട് ഞാൻ ഒരിക്കലും തിരിഞ്ഞുനോക്കിയിട്ടില്ല,” കരോൾ ട്വിറ്ററിൽ കുറിച്ചു.