കൊച്ചി> മലയാള സിനിമയിലെ നടന വിസ്മയം കെപിഎസി ലളിത (74) അന്തരിച്ചു. തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
കെ പി എസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത, തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്കാരം. നീല പൊൻമാൻ, ആരവം, അമരം, കടിഞ്ഞൂൽകല്യാണം- ഗോഡ്ഫാദർ-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്കാരവും നേടി. 1978 ൽ ഭരതന്റെ ഭാര്യയായി. സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.
1947 മാർച്ച് പത്തിന് രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി
ആലപ്പുഴയിലെ കായംകുളത്താണ് ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു.
കെ പി എ സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയായി മാറിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലളിത എല്ലാവരുടെയും ശ്രദ്ധനേടിയ നടിയായി ഉയർന്നു. തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ൽ കെ എസ് സേതുമാധവൻ സിനിമയാക്കിയപ്പോഴാണ് ലളിതയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തമിഴിലും ഉൾപ്പടെ അറുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.
ഇടതുപക്ഷ സഹയാത്രികയായ കെപിഎസി ലളിത എന്നും സിപിഐ എമ്മിനോട് ചേർന്ന് നിന്നു. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.