കൊച്ചി> രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാമെന്ന് ഹൈക്കോടതി. സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ കർഷകൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
രവീന്ദ്രൻ പട്ടയങ്ങൾ നോട്ടീസ് നൽകി പരിശോധിച്ച് റദ്ദാക്കാനും അർഹരായവർക്ക് പുതിയ പട്ടയങ്ങൾ നൽകാനും സർക്കാർ ഉത്തരവിറക്കിയിരുന്നു. സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജിക്കാരൻ്റെ പട്ടയം റദ്ദാക്കുന്നത് കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. താൻ കർഷകനാണന്നും ഭൂമിയിൽ വീട് വച്ച് താമസിക്കുകയാണന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. ഇക്കാര്യം കളക്ടർ വഴി പരിശോധിച്ച് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.