കണ്ണൂർ
ആയുധങ്ങൾക്ക് വീണ്ടും വീണ്ടും മൂർച്ചകൂട്ടുന്ന ആർഎസ്എസ് കണ്ണൂർ ജില്ലയിൽ ഇതുവരെ അരിഞ്ഞുവീഴ്ത്തിയത് 67 സിപിഐ എം പ്രവർത്തകരെ. ബോധപൂർവം സംഘർഷമുണ്ടാക്കുക, നേതൃതലത്തിൽ കൊലപാതകം ആസൂത്രണം ചെയ്യുക, പതിയിരുന്ന് അരുംകൊല നടത്തുക–- ആർഎസ്എസ്സിന്റെ പതിവുശൈലിയാണ് തലശേരി പുന്നോലിലും പ്രാവർത്തികമായത്. നാടാകെ സംഘർഷമുണ്ടാക്കി മുതലെടുക്കുകയെന്ന ഫാസിസ്റ്റ്–-വർഗീയതയുടെ ഒടുവിലത്തെ രക്തസാക്ഷിയായി നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ ഈ മത്സ്യത്തൊഴിലാളി.
സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി രംഗപ്രവേശം ചെയ്യുന്ന കോൺഗ്രസ് നടത്തിയ അക്രമങ്ങളും ഏറെയാണ്. കോൺഗ്രസുകാർ കണ്ണൂർ ജില്ലയിൽ 17 സിപിഐ എം പ്രവർത്തകരെയാണ് ഇതിനകം ഇല്ലാതാക്കിയത്. ഇടുക്കി പൈനാവിൽ യൂത്തുകോൺഗ്രസുകാർ മൃഗീയമായി വെട്ടിക്കൊന്ന ധീരജ് ഉൾപ്പെടാതെയാണിത്. സംസ്ഥാനമാകെ വലതുപക്ഷ കക്ഷികളുടെ കയ്യാൽ ജീവൻ പൊലിഞ്ഞത് 585 സിപിഐ എം പ്രവർത്തകർക്ക്.
സിപിഐ എം പ്രവർത്തകരെ ഇല്ലാതാക്കിയും ജീവച്ഛവമാക്കിയും അക്രമപരമ്പര അരങ്ങേറുമ്പോഴും സിപിഐ എമ്മിനെ അക്രമികളായി ചിത്രീകരിക്കുകയാണ് മാധ്യമങ്ങൾ. അരുംകൊലകളെ ലഘൂകരിക്കുന്ന മാധ്യമങ്ങളും ഇവർക്ക് പിന്തുണ നൽകുകയാണ്.
2016ന് ശേഷം കണ്ണൂർ ജില്ലയിൽ ആർഎസ്എസ്സുകാർ വകവരുത്തുന്ന അഞ്ചാമത്തെ സിപിഐ എം പ്രവർത്തകനാണ് ഹരിദാാസൻ. അഞ്ചും ഏകപക്ഷീയമായ അരുംകൊല.
2016 മെയ് 19ന് നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനദിവസം പിണറായിയിൽ സിപിഐ എം പ്രവർത്തകൻ സി വി രവീന്ദ്രനെ ബോംബെറിഞ്ഞും വാഹനം കയറ്റിയും കൊന്നു. 2016 ജൂലൈ 11ന് പയ്യന്നൂർ കുന്നരുവിലെ സിപിഐ എം പ്രവർത്തകൻ സി വി ധനരാജിനെ കൊലപ്പെടുത്തി. പാതിരിയാട് വാളാങ്കിച്ചാലിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ കെ മോഹനനായിരുന്നു അടുത്ത ഇര. 2016 ഒക്ടോബർ പത്തിന് മഹാനവമി ദിവസമാണ് ജോലിചെയ്യുന്ന കള്ളുഷാപ്പിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും മാഹി നഗരസഭാ മുൻ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിനെ കഴുത്തുറത്ത് കൊന്നത് 2018 മെയ് ഏഴിനാണ്. ഇടവേളയ്ക്ക് ശേഷം ആർഎസ്എസ് വീണ്ടും കൊലക്കത്തിയെടുത്തിരിക്കുന്നു, നാട്ടിലാകെ സംഘർഷം പരത്താനും സമാധാനാന്തരീക്ഷം തകർക്കാനും.