കണ്ണൂർ> നാടാകെ കലാപമുണ്ടാക്കാനും എതിരാളികളെ കൊല്ലാനും പരിശീലനം നൽകി സംഘപരിവാരം. തലശേരിയിൽ സിപിഐ എം പ്രവർത്തകൻ ഹരിദാസന്റെ ജീവനെടുക്കാൻ ആർഎസ്എസ് രംഗത്തിറക്കിയത് പരിശീലനം ലഭിച്ച ക്രിമിനലുകളെയാണ്. 14 ജില്ലകളിലായി 3,000 ആർഎസ്എസ്സുകാർക്ക് സായുധ പരിശീലനം നൽകിയിട്ടുണ്ട്. ബോംബ് നിർമിക്കാനും പ്രയോഗിക്കാനും വടിവാൾ ഉപയോഗിച്ച് കൈയറപ്പില്ലാതെ അരിഞ്ഞുവീഴ്ത്താനുമുള്ളതാണ് പരിശീലനം. അങ്ങേയറ്റം പൈശാചികമായി കൊലചെയ്യാൻ പോന്ന ക്രിമിനൽ സംഘങ്ങളെ ആർഎസ്എസ് പോറ്റിവളർത്തി.
തലശേയിൽ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ആർഎസ്എസ് വർഗീയ കലാപത്തിന് ശ്രമിച്ചത്. തലശേരി ടൗണിലെ യുവമോർച്ച റാലിയുടെ തുടർച്ചയായിരുന്നു കലാപശ്രമം. ആലപ്പുഴയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നതും ക്യാമ്പിൽ പരിശീലനം ലഭിച്ച ആർഎസ്എസ്സുകാരാണെന്നാണ് പൊലീസ് നിരീക്ഷണം.
കണ്ണൂർ പയ്യന്നൂരിനടുത്ത് ആലക്കാടും കോഴിക്കോട് ജില്ലയിലെ വടകര മണിയൂർ ചെരണ്ടത്തൂരിലും ബോംബ് നിർമാണത്തിനിടെ രണ്ട് ആർഎസ്എസ്സുകാരുടെ കൈപ്പത്തി തകർന്നത് സംസ്ഥാനത്തുടനീളം അക്രമത്തിന് കോപ്പുകൂട്ടുന്നതിന് തെളിവാണ്.
ഒരു രാഷ്ട്രീയ സംഘർഷവുമില്ലാത്ത പ്രദേശമായിരുന്നു ആലക്കാട്. ഇവിടെയാണ് ബിജുവെന്ന ആർഎസ്എസ്സുകാരന്റെ കൈപ്പത്തി ബോംബ് നിർമാണത്തിനിടെ തകർന്നത്. സിപിഐ എം പ്രവർത്തകൻ സി വി ധനരാജിനെ വെട്ടിക്കൊന്ന കേസിൽ ഉൾപ്പെടെ പ്രതിയായ ബിജുവിനെ സംഭവം നടന്ന് നിമിഷങ്ങൾക്കകം കടത്തി. ജില്ലയിൽ കലാപത്തിന് കോപ്പുകൂട്ടുന്ന വിവരം പുറത്ത് വരാതിരിക്കാനായിരുന്നു ഈ നീക്കം. അതിന് ശേഷവും ക്രിമിനൽ സംഘം അടങ്ങിയിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് തലശേരിയിലെ അരുംകൊല. മണിയൂർ ചെരണ്ടത്തൂരിലെ ഹരിപ്രസാദിന്റെ രണ്ട് കൈപ്പത്തി തകർത്തത് ഉഗ്രശേഷിയുള്ള ബോംബ് നിർമാണത്തിനിടെയാണ്. ഹരിപ്രസാദും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ആർഎസ്എസ് അക്രമി സംഘത്തിലെ പ്രധാനിയുമാണ്.