തിരുവനന്തപുരം> പതിനാലാം പഞ്ചവത്സര പദ്ധതി സമീപന രേഖ ജൂണിൽ പൂർത്തിയാകും. കരട് രേഖ രണ്ടാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കും. വിപുലമായ പൊതുജനാഭിപ്രായം തേടാനാണ് സംസ്ഥാന ആസൂത്രണ ബോർഡ് തീരുമാനം. എൽഡിഎഫ് പ്രകടനപത്രികയും ആസൂത്രണ ബോർഡിന്റെ കർമസമിതി റിപ്പോർട്ടുകളും പരിഗണിച്ചാണ് കരട് തയ്യാറാക്കിയത്. പൊതുചർച്ചകളും പരിഗണിച്ചായിരിക്കും അന്തിമ സമീപന രേഖയും വിശദ പദ്ധതിയും തയ്യാറാക്കുക. ആദ്യവർഷ പദ്ധതി ആസൂത്രണ ബോർഡും മന്ത്രിസഭായോഗവും അംഗീകരിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ നവീകരണം, വ്യവസായ വളർച്ച, വൈജ്ഞാനിക സമൂഹ സൃഷ്ടി, തൊഴിൽ വളർച്ചയും വരുമാനം ഉയർത്തലും തുടങ്ങിയ മേഖലകൾക്കായിരിക്കും പതിനാലാം പദ്ധതിയിൽ മുൻഗണന. ഉന്നത വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും ഉറപ്പാക്കിയ തൊഴിൽ സേനയെ സജ്ജമാക്കും. പരമ്പരാഗത വ്യവസായങ്ങളെ നവീകരിക്കും. ഇതിന് നോളജ് ഇക്കോണമി മിഷൻ നേതൃത്വം നൽകും.
നെല്ല്, പച്ചക്കറി ഉൽപ്പാദനംകൂടി; വ്യവസായവും കുതിച്ചു
പ്രതിസന്ധിക്കിടയിലും പ്രാഥമിക മേഖലകളിലെല്ലാം സംസ്ഥാനം പുരോഗതി കൈവരിച്ചതായി നടപ്പുവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട്. നെല്ല്, പച്ചക്കറി ഉൽപ്പാദനമടക്കം കുതിച്ചു. മൊത്തം സംയോജിതമൂല്യത്തിലെ വ്യവസായരംഗത്തിന്റെ സംഭാവന 9.8 ൽനിന്ന് 12.5 ശതമാനമായി. സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ മികച്ച സംസ്ഥാനമായി (2019). ആർദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ യജ്ഞം മിഷനുകൾ വികസനത്തിന് ആക്കംക്കൂട്ടി. ക്ഷേമപെൻഷൻ 600 ൽനിന്ന് 1600 രൂപയായി. കേരള ബാങ്ക് രൂപീകരണവും വലിയ നേട്ടമായി. റിപ്പോർട്ട് ബജറ്റിനൊപ്പം നിയമസഭയ്ക്ക് സമർപ്പിക്കും. ലക്ഷ്യമിട്ട സാമ്പത്തിക വളർച്ച നേടാൻ കോവിഡ് തടസ്സമായതായാണ് ആസൂത്രണ ബോർഡ് വിലയിരുത്തൽ. പതിമൂന്നാം പദ്ധതിയുടെ ചെറിയ അവലോകനവും റിപ്പോർട്ടിലുണ്ടാകും.