തിരുവനന്തപുരം
പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം സഹകരണ ബാങ്കുകളുടെയും വിറ്റുതുലയ്ക്കലിന് തുടക്കമിട്ട് കേന്ദ്ര സർക്കാർ. ആദ്യ ഊഴത്തിൽ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ–- ഓപ്പറേറ്റീവ് ബാങ്കി (പിഎംസിബി)നെ യൂണിറ്റി സ്മാൾ ഫിനാൻസ് ബാങ്ക് (യുഎസ്എഫ്ബിഎൽ) ലിമിറ്റഡിൽ ലയിപ്പിച്ച് റിസർവ് ബാങ്ക് ഉത്തരവിറക്കി. ഇതോടെ പിഎംസിബിയുടെ ശാഖയെല്ലാം യുഎസ്എഫ്ബിഎല്ലിന്റേതായി. ഇന്ത്യയിലെ ഏത് അർബൻ ബാങ്കിനെയും സ്മാൾ ഫിനാൻസ് ബാങ്കുകൾക്ക് വിൽക്കാമെന്ന സൂചനയാണ് ഇതിലൂടെ കേന്ദ്ര സർക്കാരും ആർബിഐയും നൽകുന്നത്.
മുംബൈ സിയോണിൽ 1984 ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച പിഎംസിബിക്ക് ആറു സംസ്ഥാനത്തായി 137 ശാഖയുണ്ട്. 2019 മുതൽ ബാങ്ക് ആർബിഐ നിയോഗിച്ച അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്നു. ഹൗസിങ് ഡെവലപ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയും ഉടമസ്ഥരായ സ്വകാര്യ ഗ്രൂപ്പും നടത്തിയ കബളിപ്പിക്കലിൽ 2019ൽ ബാങ്ക് പ്രതിസന്ധിയിലായി. 293 കോടി രൂപയുടെ അടച്ചുതീർത്ത മൂലധനവും 11,617 കോടി രൂപയുടെ നിക്ഷേപവും 8383 കോടി രൂപയുടെ വായ്പാ നീക്കിനിൽപ്പുമുള്ളപ്പോഴാണ് ബാങ്ക് വായ്പാ തട്ടിപ്പിന് ഇരയായത്.
പിഎംസിബിയെ ഏറ്റെടുത്ത സ്വകാര്യ സ്മാൾ ഫിനാൻസ് ബാങ്ക് ഇത് ലക്ഷ്യമിട്ട് രൂപീകരിച്ചതാണ്. പിഎംസിബിയിലെ അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾ അടിയന്തരമായി മടക്കി*നൽകുമെന്ന് ലയനശേഷം യുഎസ്എഫ്എബിഎൽ പ്രഖ്യാപിച്ചു. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ വാഗ്ദാനം ചെയ്യുന്ന തുകയിൽനിന്നാണ് ഇത് വിതരണം ചെയ്യുന്നതെന്ന് റിസർവ് ബാങ്ക് ലയനപദ്ധതിയിൽ പറയുന്നു. ഈ വർഷമാണ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷന്റെ നഷ്ടപരിഹാരം ഒരുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തിയത്. ഇതും ദുരൂഹത ഉയർത്തുന്നു.