ന്യൂഡൽഹി
രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേൽ പ്രതിപക്ഷ എംപിമാർ നൽകിയ ഭേദഗതികൾ രാജ്യസഭയിൽ എത്തുംമുമ്പ് തള്ളി. പെഗാസസ് ചാരസോഫ്റ്റ്വെയർ, കോവിഡ് കൈകാര്യം ചെയ്തതിലെ കെടുകാര്യസ്ഥത എന്നിവയിലെ ഭേദഗതികളാണ് തള്ളിയത്. സാധാരണ പ്രതിപക്ഷത്തിന്റെ ഭേദഗതികൾ സഭയിൽ വോട്ടിനിട്ടാണ് തള്ളുന്നത്. എന്നാൽ, രാജ്യസഭ സെക്രട്ടറി ജനറലിന് പ്രതിപക്ഷാംഗങ്ങൾ നൽകിയ ഭേദഗതി നിർദേശങ്ങളിൽ മേൽപ്പറഞ്ഞവ ഒഴിവാക്കപ്പെട്ടു.ഒരു എംപിക്ക് പരമാവധി 10 ഭേദഗതി സമർപ്പിക്കാമെന്നായിരുന്നു അറിയിപ്പ്. സിപിഐ എം എംപിമാർ ഈ വിഷയങ്ങളിൽ രണ്ടെണ്ണമടക്കം 10 വീതം നൽകി. ഈ രണ്ടെണ്ണം ഒഴിവാക്കിയാണ് ഭേദഗതികൾ സഭയുടെ പരിഗണനയ്ക്ക് അയച്ചത്.
വിഷയങ്ങളിൽ പ്രതിപക്ഷത്തെ മറ്റ് എംപിമാർ നൽകിയ ഭേദഗതികളും ഒഴിവാക്കി. ഇന്ത്യ പെഗാസസ് ചാരസോഫ്റ്റ്വെയർ വാങ്ങിയെന്ന ‘ന്യൂയോർക്ക് ടൈംസ്’ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് എളമരം കരീം, ഡോ. വി ശിവദാസൻ അടക്കമുള്ളവർ നൽകിയ അടിയന്തര നോട്ടീസുകളും ചെയർ തള്ളി.