മനാമ > തായ്ലൻഡ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ പ്രയുത് ചാൻ-ഓച്ച സൗദി അറേബ്യ സന്ദർശിച്ചു. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.
സമീപഭാവിയിൽ രണ്ട് രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും അംബാസഡർമാരെ നിയമിക്കുകയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു കൺസൾട്ടേറ്റീവ് സംവിധാനം സ്ഥാപിക്കുക, പുനരുപയോഗ ഊർജം, പരിസ്ഥിതി, ഡിജിറ്റലൈസേഷൻ, സൈബർ സുരക്ഷ പോലുള്ള സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തുക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. തുടങ്ങി വിവിധ തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ ഉണ്ടായി.
‘സൗദി അറേബ്യൻ എയർലൈൻസ്’ അടുത്ത മെയ് തുടക്കത്തിൽ തായ്ലൻഡിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. റിയാദും ബാങ്കോക്കും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെത്തുടർന്ന് ഏകദേശം മൂന്ന് പതിറ്റാണ്ട് മുമ്പ് സൗദി എയർലൈൻസ് തായ്ലൻഡിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള യാത്ര ഒഴികെ സൗദി പൗരന്മാരെ തായ്ലൻഡിലേക്കുള്ള യാത്രയും തടഞ്ഞിരുന്നു.
തായ്ലൻഡ് സൗദി പൗരന്മാരെ എൻട്രി വിസയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ കൂടിക്കാഴ്ചയിലൂടെ കഴിഞ്ഞതായി ഇരുവരും ചേർന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.