കുവൈറ്റ് സിറ്റി> കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ പുതിയ നിർദേശവുമായി അധികൃതർ. താമസാനുമതിക്കും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഫീസായും 250 കുവൈറ്റി ദിനാർ ഏർപ്പെടുത്തി ഇത്തരക്കാരുടെ വിസ പുതുക്കൽ നടപ്പിലാക്കാനാണ് പബ്ലിക്ക് അതോറിറ്റി മാൻപവർ ഉദ്ദേശിക്കുന്നത്.
ഇത് സംബന്ധിച്ച കരട് നീതി ന്യായ മന്ത്രി ജമാൽ അൽ ജലാവിയുടെ നേതൃത്വത്തിൽ അടുത്ത ആഴ്ച ചേരുന്ന മാനവശേഷി സമിതിയുടെ ഡയരക്റ്റർ ബോർഡ് യോഗത്തിൽ അവതരിപ്പിക്കും. യോഗത്തിൽ ഇതിനു അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. 60 വയസ്സ് കഴിഞ്ഞ ഏകദേശം അൻപത്തി നാലായിരത്തോളം പേർ നിലവിൽ രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇവരിൽ പലരും എക്സ്റ്റൻഷൻ വിസാ, അഥവാ താൽക്കാലിക പെർമിറ്റിലാണ് ഇപ്പോൾ രാജ്യത്ത് തങ്ങുന്നത്. എന്തായാലും ഈ മാസം അവസാനിക്കുന്നതിനു മുൻപ് ഇക്കാര്യത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.