തിരുവനന്തപുരം
കൗമാരക്കാർക്കുള്ള കോവിഡ് വാക്സിൻ സംസ്ഥാനത്തെ 967 സ്കൂളിൽ ബുധനാഴ്ചമുതൽ നൽകിത്തുടങ്ങും. 500ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളാണ് വാക്സിൻ കേന്ദ്രങ്ങളാക്കിയതെന്നും കുത്തിവയ്പിനുള്ള സജ്ജീകരണം പൂർത്തിയായതായും ഉന്നത യോഗശേഷം മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു 15–-18 പ്രായക്കാരായ 8.14 ലക്ഷം വിദ്യാർഥികളിൽ 51 ശതമാനവും വാക്സിനെടുത്തു. ബാക്കിയുള്ളവർക്കാണ് വാക്സിൻ നൽകേണ്ടത്.
ഇന്ന് പിടിഎ യോഗം
വാക്സിനേഷനു മുന്നോടിയായി സ്കൂളുകളിൽ ചൊവ്വാഴ്ച പിടിഎ യോഗം ചേരും. തദ്ദേശ, രാഷ്ട്രീയ മേഖലയിലുള്ളവരും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെടുന്നവരും പങ്കെടുക്കും. സ്കൂൾ തുറന്നപ്പോൾ ഇറക്കിയ മാർഗനിർദേശങ്ങൾ പാലിക്കണം.
എണ്ണം ഉടനറിയാം
വാക്സിൻ സ്വീകരിക്കുന്ന വിദ്യാർഥികളുടെ കണക്ക് ഉടൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കൈറ്റ് വിക്ടേഴ്സ് സമ്പൂർണ പോർട്ടലിൽ ശേഖരിക്കും.
22നും 23നും ജനകീയ ശുചീകരണം
എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ 22നും 23നും ജനകീയ ക്ലാസ് റൂം ശുചീകരണം നടത്തും. പിടിഎ, തദ്ദേശഭരണസ്ഥാപനങ്ങൾ, ബഹുജനങ്ങൾ എന്നിവർ പങ്കാളികളാകും.
വാർഷികപരീക്ഷ തീരുമാനം പിന്നീട്
പൊതുവിദ്യാലയങ്ങളിൽ ഒമ്പതുവരെയുള്ള വാർഷികപരീക്ഷകളിൽ തീരുമാനം സാഹചര്യം വിലയിരുത്തിയശേഷം പിന്നീട് തീരുമാനിക്കും.
അധ്യാപകർ സ്കൂളിലെത്തണം
ഒമ്പതുവരെയുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നുണ്ടെങ്കിലും അധ്യാപകർ സ്കൂളിലെത്തണം. ഓൺലൈൻ ക്ലാസുകളും വിക്ടേഴ്സ് ചാനൽവഴിയുള്ള ഡിജിറ്റൽ ക്ലാസുകളും വിദ്യാർഥികൾ കാണുന്നെന്ന് ഉറപ്പാക്കണം. വിദ്യാർഥികളുടെ സംശയങ്ങൾ പരിഹരിക്കാനും ഇടപെടണം.
12 –14 പ്രായക്കാർക്ക് വാക്സിൻ മാർച്ചുമുതൽ
രാജ്യത്ത് 12–-14 പ്രായക്കാർക്ക് മാർച്ചുമുതൽ കോവിഡ് വാക്സിൻ നൽകി തുടങ്ങിയേക്കുമെന്ന് പ്രതിരോധ കുത്തിവയ്പിനുള്ള സാങ്കേതിക ഉപദേശക സമിതിയുടെ (എൻടിഎജിഐ) കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ കെ അറോറ പറഞ്ഞു. ഈ വിഭാഗത്തിൽ 7.5 കോടി പേരാണുള്ളത്. ഫെബ്രുവരി അവസാനത്തോടെ 15–-18 പ്രായക്കാരിൽ വാക്സിനേഷൻ പൂർത്തിയാകും. ശേഷം 12–-14 വയസ്സുകാരെ പരിഗണിക്കും.
15–-18 പ്രായപരിധിയിലെ 7.4 കോടി പേരിൽ 3.45 കോടി പേർ ആദ്യ ഡോസെടുത്തു. ജനുവരി അവസാനത്തോടെ ശേഷിക്കുന്നവരും ആദ്യഡോസ് എടുക്കും. 12നു മുകളിൽ പ്രായക്കാർക്ക് കോവാക്സിൻ നൽകാനാണ് അനുമതിയുള്ളത്.