തൃശ്ശൂർ: കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ സിപിഎം തൃശ്ശൂർ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി. പകരം വെർച്വൽ സമ്മേളനമാകും നടത്തുക. സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണവും കുറച്ചു. അതേസമയം, ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ തിരുവാതിരകളിയിൽ 75-80 പേർ മാത്രമാണ് പങ്കെടുത്തതെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി എം.എം. വർഗീസ് വിശദീകരിച്ചു.
ഈ മാസം 21 മുതൽ 23 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം കുറക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. 23-ലെ പൊതുസമ്മേളനം ഒഴിവാക്കുകയാണ്. പകരം ഓൺലൈനിൽ പൊതുസമ്മേളനം നടക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മറ്റ് പരിപാടികളിൽ മാറ്റമില്ല. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള പരിപാടികളാണ് സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പാറശ്ശാലയിലെ തിരുവാതിരക്കളി വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ്തൃശ്ശൂരിലും സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ഊരോക്കാട് നടന്ന തിരുവാതിരക്കളിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തകരാണ് പങ്കെടുത്തത്. തിരുവാതിരക്കളിയിൽ എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു.
അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് പാറശ്ശാലയിൽ തിരുവാതിരക്കളി സംഘടിപ്പിച്ചത് വൻ വിവാദമായതിനു പിന്നാലെയാണ് തൃശ്ശൂരിലും മെഗാതിരുവാതിര നടന്നത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
Content Highlights:CPM Thrissur District conferences Public meeting cancelled