ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പങ്കെടുക്കാനെത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി. പ്രവേശന മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ജോക്കോവിച്ചിനെ തിരിച്ചയക്കുമെന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു.
വിസ ഇളവ് ലഭിച്ചശേഷം മെൽബണിലെത്തിയ നൊവാക്ക് ജോക്കോവിച്ച് ബുധനാഴ്ച രാത്രി മുതൽ മെൽബൺ വിമാനത്താവളത്തിൽ തുടരുകയായിരുന്നു. രാജ്യത്ത് പ്രവേശിക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലാത്തതിനാൽ ജോക്കോവിച്ചിന്റെ വിസ റദ്ദ് ചെയ്യുകയാണെന്ന് ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് അറിയിച്ചു.
വിസ ഇളവ് ആവശ്യപ്പെട്ട് നൊവാക്ക് ജോക്കോവിച്ച് സമർപ്പിച്ച അപേക്ഷ, പ്രവേശന മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് കണ്ടെത്തുകയായിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാത്ത ഒരാൾക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കണമെങ്കിൽ, അതിനെ സാധൂകരിക്കുന്ന രേഖകൾ സമർപ്പിക്കണമെന്നാണ് നിലവിലെ ചട്ടം.
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം ഒമ്പത് തവണ ചൂടിയ ജോക്കോവിച്ച് ബുധനാഴ്ച രാത്രിയാണ് മെൽബൺ വിമാനത്താവളത്തിലെത്തിയത്.
വിസ പ്രതിസന്ധിയെ തുടർന്ന് ജോക്കോവിച്ചിന് വിമാനത്താവളത്തിന്റെ പുറത്തിറങ്ങാൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, രാവിലെ എട്ടരയോടെ ജോക്കോവിച്ചിന്റെ വിസ റദ്ദ് ചെയ്യുകയാണെന്ന് ബോർഡർ ഫോഴ്സ് അറിയിച്ചു.
ബോർഡർ ഫോഴ്സ് തീരുമാനത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസണും ട്വീറ്റ് ചെയ്തു.
നിയമങ്ങൾ നിയമങ്ങളാണ്, അതിർത്തി നിയമങ്ങൾക്ക് ആരും അതീതരല്ല. ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്ക് ഉള്ള ഓസ്ട്രേലിയയ്ക്ക് ശക്തമായ അതിർത്തി നയങ്ങൾ തുടരേണ്ടത് നിർണായകമാണെന്നും, ജാഗ്രത തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മണിക്കൂറുകൾ നീണ്ട വിവാദങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും ശേഷമാണ് നൊവാക്ക് ജോക്കോവിച്ചിന്റ വിസ റദ്ദാക്കിയത്.
ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ തനിക്ക് വാക്സിനേഷൻ ഇളവ് ലഭിച്ചുവെന്ന് ചൊവ്വാഴ്ച ജോക്കോവിച്ച് ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങളുമുയർന്നു. വിസ വിവാദം വിക്ടോറിയൻ സർക്കാരും ഫെഡറൽ സർക്കാരും തമ്മിലുള്ള രാഷ്ടീയ തർക്കത്തിനുമിടയാക്കി.
ഇതിന് പിന്നാലെയാണ് ബുധനാഴ്ച രാത്രി ജോക്കോവിച്ച് മെൽബണിലെത്തിയത്.
ഓസ്ട്രേലിയയിൽ നിന്ന് തിരിച്ചയക്കുന്നത് തടയാൻ ജോക്കോവിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കടപ്പാട്: SBS മലയാളം
ഓസ്ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/