ഇത്രയും നാൾ വാർത്തകളിൽ മാത്രം നിറഞ്ഞു നിന്ന വൺപ്ലസ് 10 പ്രോ സ്മാർട്ഫോൺ ഒടുവിൽ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. വൺപ്ലസ് 9 പരമ്പര ഫോണുകളുടെ പിൻഗാമിയായാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8ജെൻ വൺ ചിപ്പ് സെറ്റ് ഉൾപ്പടെ നിരവധി പരിഷ്കാരങ്ങളോടുകൂടിയാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 12 ആണിതിൽ.
നേരത്തെ വാർത്തകളിലൂടെ ചോർന്നുകിട്ടിയ ചിത്രങ്ങൾ വൺപ്ലസ് 10 പ്രോയുടേത് തന്നെയായിരുന്നു. ഇതിന്റെ ക്യാമറ മോഡ്യൂൾ സാംസങ് ഗാലക്സി എസ്21 ന് സമാനമായ ലുക്ക് ഫോണിന് നൽകുന്നുണ്ട്. വോൾക്കാനിക് ബ്ലാക്ക്, എമറാൾഡ് ഫോറസ്റ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളാണ് വൺപ്ലസ് 10 പ്രോയ്‍ക്കുള്ളത്.
എൽടിപിഒ 2.0 -ഓടു കൂടിയ 6.67 ഇഞ്ച് ക്യുഎച്ച്ഡി + ക്യുഎൽഇഡി ഡിസ്പ്ലേ ആണിതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റിന്റെ പിൻബലത്തിൽ 12 ജിബി റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയുണ്ട്.
48 എംപി പ്രധാന ക്യാമറയും 50 എംപി അൾട്രാ വൈഡ് ക്യാമറയും 8 എംപി ടെലിഫോട്ടോ ക്യാമറയും ഉൾക്കൊള്ളുന്നതാണ് ഇതിന്റെ റിയർ ക്യാമറ. പുതിയ ഹാസിൽബ്ലാഡ് മാസ്റ്റർ സ്റ്റൈലോടുകൂടിയുള്ള ക്യാമറ സോഫ്റ്റ് വെയറാണിതിൽ. ഇതുവഴി പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാ തയ്‌യാറാക്കിയ മൂന്ന് പ്രീസെറ്റുകൾ ക്യാമറയ്‍ക്ക് വേണ്ടി ലഭിക്കും.
5000 എംഎഎച്ച് ബാറ്ററിയിൽ 80 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങും, 50 വാട്ട് വയർലെസ് ചാർജിങും ലഭിക്കും. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർ ഓഎസ് 12 ആണിതിൽ.
വില
- 8/128 ജിബി പതിപ്പിന് – 4699 യുവാൻ (54592 രൂപ )
- 8/256 ജിബി പതിപ്പിന് – 4999 യുവാൻ (58076 രൂപ)
- 12/255 ജിബി പതിപ്പിന് -5299 യുവാൻ (61561 രൂപ )
നിലവിൽ ആഗോള വിപണിയിൽ വൺ പ്ലസ് 10 പ്രോ പുറത്തിറക്കുന്നത് സംബന്ധിച്ച് കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: OnePlus 10 pro launched in china with snapdragon 8 gen 1 chipset