ആലപ്പുഴ
കേരളബാങ്കിലെ പ്രബലസംഘടനകളായ ഡിസ്ട്രിക്ട് കോ-–ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരള (ഡിബിഇഎഫ്), കേരള സ്റ്റേറ്റ് കോ-–ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെഎസ്സിബിഇഎഫ്) എന്നിവയുടെ ലയനസമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ പകൽ 10.15ന് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ സമ്മേളനം ഉദ്ഘാടനംചെയ്യും.
കെഎസ്സിബിഇഎഫ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനാകും. പകൽ 12ന് ഡിബിഇഎഫ് ജനറൽ സെക്രട്ടറി വി ബി പത്മകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. പകൽ രണ്ടിന് വനിതാസമ്മേളനം. വൈകിട്ട് 4.30ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ട്രേഡ് യൂണിയൻ പ്രഭാഷണം നടത്തും. രാത്രി ഏഴിന് കെപിഎസി ജാക്സൺ ഏകപാത്രനാടകം അവതരിപ്പിക്കും.
ഞായർ രാവിലെ 9.30ന് ലയനപ്രമേയം അവതരിപ്പിക്കും. 9.45ന് ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവരെ മന്ത്രി സജി ചെറിയാൻ അനുമോദിക്കും. 10.30ന് സഹകരണസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. പകൽ ഒന്നിന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പുതിയ സംഘടനയുടെ പേരും പ്രഖ്യാപനവും നടത്തി പതാക കൈമാറും. മുൻകാല നേതാക്കളെ ആദരിക്കും. പകൽ മൂന്നിന് പുന്നപ്ര വയലാറിന്റെ സന്ദേശം വിഷയത്തിൽ മന്ത്രി പി പ്രസാദ് പ്രഭാഷണം നടത്തും. വിപ്ലവഗായിക പി കെ മേദിനിയെ ആദരിക്കും.