ഭോപാൽ
മധ്യപ്രദേശിൽ ക്രൈസ്തവസഭയുടെ അനാഥാലയത്തിൽനിന്ന് കുട്ടികളെ ബലംപ്രയോഗിച്ച് ഇറക്കിവിടാനുള്ള സർക്കാർ നീക്കം തടഞ്ഞ് ഹൈക്കോടതി. സിറോ മലബാർ സാഗർ രൂപതയുടെ കീഴിൽ ഭോപാലിലെ ഹുസൂറിൽ ശ്യാംപുരിലെ സെന്റ് ഫ്രാൻസിസ് അനാഥാലയത്തിലെ 44 കുട്ടികളെ ഇറക്കിവിടാൻ വ്യാഴാഴ്ച ഉച്ചയോടെ സർക്കാർ അധികൃതരും പൊലീസുമെത്തി. ഉച്ചഭക്ഷണംപോലും കഴിക്കാൻ അനുവദിക്കാതെ കുട്ടികളെ ഒഴിപ്പിക്കാൻ ശ്രമിച്ചതിനെതിരെ പ്രതിഷേധമുയർന്നു. വൈകിട്ടോടെ ഹൈക്കോടതി ഉത്തരവ് എത്തിച്ചതോടെയാണ് ഇവർ പിരിഞ്ഞുപോയത്.
കോവിഡ് സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടിക്ക് ഇറങ്ങിയതിന് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മധ്യപ്രദേശ് ശിശുക്ഷേമസമിതിയോട് കോടതി നിർദേശിച്ചു. 2020ൽ അനാഥാലയത്തിന്റെ ലൈസൻസ് കാലാവധി അവസാനിച്ചെന്ന് കേസ് പരിഗണിക്കവെ മധ്യപ്രദേശ്സർക്കാർ വാദിച്ചു. എന്നാൽ, ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിട്ടും സർക്കാർ തീരുമാനം നീട്ടിക്കൊണ്ടുപോകുകയാണെന്ന് സഭ ചൂണ്ടിക്കാട്ടി.
കുട്ടികളെ തെരുവിൽ ഇറക്കിവിടാൻ ആസൂത്രിതനീക്കമാണ് ഉണ്ടായതെന്ന് സെന്റ് ഫ്രാൻസിസ് സേവാധാം അനാഥാലയം മേധാവി ഫാദർ ഷിന്റോ വർഗീസ് പറഞ്ഞു. അനാഥാലയത്തിനെതിരെ മുമ്പ് നിരവധി തവണ തീവ്രഹിന്ദുത്വവാദികൾ ആസൂത്രിതമായി രംഗത്തെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.