ന്യൂഡൽഹി
ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രതാപ്സിങ് റാണെയ്ക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 50 വർഷമായി എംഎൽഎയായി തുടരുന്ന പ്രതാപ് സിങ്ങിന്റെ സംഭാവനകൾ മാനിച്ചാണ് തീരുമാനമെന്ന് ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അവകാശപ്പെട്ടു. പ്രതാപ് സിങ്ങിന്റെ മകനും ബിജെപി നേതാവും മന്ത്രിയുമായ വിശ്വജിത് റാണെ ഈ തീരുമാനത്തിന് സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞു. പ്രതാപ് സിങ് തുടർച്ചയായി ജയിക്കുന്ന പൊഹം മണ്ഡലത്തിൽ ഇക്കുറി അദ്ദേഹം മത്സരിക്കരുതെന്ന് മകൻ ആവശ്യപ്പെട്ടിരിക്കെയാണ് ഈ തീരുമാനം. സർക്കാരിന്റെ അംഗീകാരത്തിൽ സന്തോഷമുണ്ടെന്നും പദവി ചോദിക്കാതെ ലഭിച്ചതാണെന്നും പ്രതാപ്സിങ് പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന കോൺഗ്രസ് നേതാക്കളെ സ്വാധീനിക്കാൻ ബിജെപി പല രീതിയിൽ ശ്രമിക്കുകയാണെന്ന് പിസിസി അധ്യക്ഷൻ ഗിരീഷ് ചോദങ്കർ പറഞ്ഞു.