തിരുവനന്തപുരം
വീട്ടിലിരുന്ന് ജോലിചെയ്യുന്ന ഐടി അടക്കമുള്ള മേഖലയിലെ തൊഴിലാളികൾക്കായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ആധുനിക തൊഴിൽ കേന്ദ്രം ഉറപ്പാക്കുന്ന “വർക്ക് നിയർ ഹോം’ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതി നയരേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. വിശദ പദ്ധതിരേഖ തയ്യാറാക്കലും വിവിധ ഏജൻസിയുമായുള്ള ചർച്ചകളും കേരള നോളജ് ഇക്കോണമി മിഷനും കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസി (കെ–-ഡിസ്ക്)ലും ആരംഭിച്ചു. കോവിഡാനന്തരമുള്ള 80 ലക്ഷം ഓൺലൈൻ തൊഴിൽ അവസരം ലക്ഷ്യമിട്ടാണ് പദ്ധതി.
ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പൊതു–-സ്വകാര്യ പങ്കാളിത്തത്തിൽ കേന്ദ്രങ്ങൾ വ്യാപകമാക്കും. കൃത്യസമയമില്ലാത്ത ഗിഗ് (സ്വാതന്ത്ര/ ഓൺലൈൻ പ്ലാറ്റ്ഫോം/ കരാർ/ താൽക്കാലിക തൊഴിൽ) ജോലിക്കുള്ള കേന്ദ്രമാണ് ഒരുക്കുക. ഇ–-കൊമേഴ്സ് മുതൽ വെർച്വൽ ശാരീരിക, കായികപരിശീലനം വരെയുള്ളതാണ് ഗിഗ് ജോലി.
കേന്ദ്രം സ്ഥാപിക്കൽ ഐടി പാർക്കുകളുടെ ചുമതലയാകും. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തവുമുണ്ടാകും. എൻജിനിയറിങ് കോളേജുകളിൽ കേന്ദ്രം സ്ഥാപിക്കുന്നതും പരിഗണനയിലാണ്. 75 എൻജിനിയറിങ് കോളേജിലെ സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം പദ്ധതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കാം.