തിരുവനന്തപുരം > സിൽവർ ലൈനുമായി ബന്ധപ്പെട്ട് റയിൽവേ റിട്ട. ചീഫ് എൻജിനിയറും സിസ്ട്ര മുൻ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറുമായ അലോക് വർമയുടെ അഭിപ്രായങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഏറ്റുപാടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ. കെ റെയിൽ ജനറൽ കൺസൾട്ടന്റ് പാരീസ് ആസ്ഥാനമായ സിസ്ട്രയെക്കുറിച്ചുള്ള വാർത്തകൾ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണ്.
2018 ഡിസംബർ നാല് മുതൽ 2019 മാർച്ച് 20 വരെയാണ് അലോക് വർമ സിസ്ട്ര ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായിരുന്നത്. സിൽവർലൈൻ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കാൻ സിസ്ട്ര നിയോഗിച്ച വിദഗ്ധ സംഘത്തിലെ 18പേരിൽ ഒരാളായിരുന്നു അദ്ദേഹം.
സിൽവർലൈനിനെക്കുറിച്ചും അലൈൻമെന്റിനെക്കുറിച്ചും പ്രാഥമിക പഠനം മാത്രമാണ് അലോക് വർമ നടത്തിയത്. സിൽവർ ലൈനിന്റെ സാധ്യതാ പഠന റിപ്പോർട്ടോ വിശദ പദ്ധതി റിപ്പോർട്ടോ (ഡിപിആർ ) തയ്യാറാക്കുന്നതിൽ അദ്ദേഹം ഭാഗമായിട്ടില്ല. 2019 ഫെബ്രുവരിയിൽ കരട് സാധ്യതാപഠന റിപ്പോർട്ട് സിസ്ട്രയിൽ സമർപ്പിച്ചു.
സാങ്കേതിക മികവില്ലാത്തതിനാൽ അന്തിമ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ അത് പരിഗണിച്ചില്ല. അലോക് വർമ സിസ്ട്ര വിട്ടശേഷമാണ് സാധ്യതാപഠന റിപ്പോർട്ടും ഡിപിആർ പഠനവും സിസ്ട്ര നടത്തിയത്.
2020ൽ സമർപ്പിച്ച ഡിപിആർ പഠിക്കാനോ പദ്ധതിയെ വിലയിരുത്താനോ ശ്രമിക്കാതെയാണ് പ്രതിപക്ഷ നേതാവിന്റെ പദ്ധതിക്കെതിരായ ആരോപണങ്ങൾ.