തിരുവനന്തപുരം > കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പയിന് തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തദ്ദേശമന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി.
മന്ത്രി ജെ ചിഞ്ചുറാണി സ്ത്രീപക്ഷ സമീപനരേഖ പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു സ്നേഹിത ടോൾഫ്രീ നമ്പർ പ്രഖ്യാപനം നടത്തി. ക്രൈം മാപ്പിങ് പ്രക്രിയയുടെ പ്രഖ്യാപനം കേരള വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി നിർവഹിച്ചു. കുടുംബശ്രീ ഫോട്ടോഗ്രഫി മത്സരത്തിലെ ജേതാക്കൾക്ക് മേയർ ആര്യ രാജേന്ദ്രൻ സമ്മാനം നൽകി. സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ അംബാസഡർ നിമിഷ സജയൻ സ്ത്രീപക്ഷ നവകേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വി കെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, കുടുംബശ്രീ ഡയറക്ടർ പി ഐ ശ്രീവിദ്യ, പ്ലാനിങ് ബോർഡ് അംഗങ്ങളായ ജിജു പി അലക്സ്, മിനി സുകുമാർ, തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എം കൃഷ്ണദാസ്, ബി പി മുരളി, ആർ പാർവതീദേവി, ഡോ. പി എസ് ശ്രീകല, ഡോ. കെ ആർ ഷൈജു എന്നിവർ സംസാരിച്ചു.