തിരുവനന്തപുരം
കേരളത്തിലെ മുസ്ലിങ്ങൾക്ക് വഖഫ് ബോർഡ് നിയമനത്തിലല്ല, വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നതിലാണ് ആശങ്കയെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
എല്ലാ ആശങ്കയും പരിഹരിച്ചേ വഖഫ് നിയമനം പിഎസ്സിക്ക് വിടുന്നതിൽ അന്തിമ തീരുമാനമുണ്ടാകൂവെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. എന്നിട്ടും ലീഗ് ഇപ്പോഴും അതിൽ പിടിച്ചാണ് നിൽക്കുന്നതെന്നും കാന്തപുരം കുറ്റപ്പെടുത്തി. ‘ജാഗ്രതയാണ് കരുത്ത്’ എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരവധി പള്ളികളും സ്വത്തുക്കളുമടക്കം വഖഫ് ഭൂമി കൈയൂക്കുകൊണ്ട് പലരും കൈയേറിയിട്ടുണ്ട്. വഖഫിന്റെ ഉദ്ദേശ്യലക്ഷ്യത്തിന് വിരുദ്ധമായാണ് ഇവ വിനിയോഗിക്കപ്പെടുന്നത്. അവ അടിയന്തരമായി വീണ്ടെടുക്കണം. പക്ഷപാതപരമായി ഉദ്യോഗസ്ഥരെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്ന രീതിയാണ് വഖഫ് ബോർഡിലുള്ളത്. അത് ഒഴിവാക്കപ്പെടണമെന്നും മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.