മെൽബൺ: ഓസ്ട്രേലിയയിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകളുടെ ഇറക്കുമതിക്കും വില്പനക്കും അധികൃതർ വിലക്ക് ഏർപ്പെടുത്തിയതോടെ കേരളത്തിൽ നിന്നുള്ള പ്രമുഖ കമ്പനികളുടെ ആയുർവേദ മരുന്നുകൾക്ക് ഓസ്ട്രേലിയയിൽ ലഭ്യതക്കുറവ് അനുഭവപ്പെട്ടു തുടങ്ങി.
ഓസ്ട്രേലിയൻ നിയമപ്രകാരം, നിരവധി ടെസ്റ്റുകൾക്ക് ശേഷം മാത്രമേ ആയുർവേദ മരുന്നുകൾ വിപണിയിൽ എത്തിക്കാൻ കഴിയുകയുള്ളു.
ഈ സാഹചര്യത്തിലാണ് ഓസ്ട്രേലിയയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ആയുർവേദ മരുന്നു നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
ഓസ്ട്രേലിയൻ മലയാളികളുടെ ഉടമസ്ഥതയിലുള്ള Medcure (www.medcure.com.au) എന്ന ബ്രാൻഡിൽ ആണ് ആയുർവേദ മരുന്നുകൾ വിപണിയിൽ എത്തുന്നത്.
വിവിധതരം കഷായങ്ങളും അരിഷ്ടങ്ങളും ചൂർണങ്ങളും ഇനി മലയാളികളെപോലെ വിദേശികൾക്കും സുപരിചിതമാകും.
ഓസ്ട്രേലിയയിൽ നിർമിച്ച ആയുർവേദ മരുന്നുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യും.
ഇപ്പോൾ വിപണിയിലിറക്കിയിരിക്കുന്നത് TGA രെജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള നാല് കഷായങ്ങളാണ്. വരുംമാസങ്ങളിൽ കൂടുതൽ ആയുർവേദ മരുന്നുകൾ ലഭ്യമാകുമെന്ന് Medcure അറിയിച്ചു.
മരുന്നുകളുടെ വിപണന ഉദ്ഘാടനം സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ സഞ്ജയ്കുമാർ മുളുക നിർവ്വഹിച്ചു.
ഓസ്ട്രേലിയ-ഇന്ത്യ ബിസിനസ് കൗണ്സിലിന്റെ NSW സ്റ്റേറ്റ് പ്രസിഡന്റ് ഇർഫാൻ മാലിക്, NICM ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ഡെന്നിസ് ചാങ്, NICM Adjunct Industry fellow ഡോ. ദിലീപ് ഘോഷ് ഉൾപ്പെടെ നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു.
കേരള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണുവാസുദേവൻ ഓൺലൈനായി ഈ പ്രോഗ്രാമിൽ പങ്കെടുത്തു.
ഇന്ത്യയുടെ പാരമ്പര്യസ്വത്തായ ആയുർവേദം ആഗോളതലത്തിലേക്ക് ഉയരുന്നത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയയിലെ ആയുർവേദ ഡോക്ടർമാർ അഭിപ്രായപ്പെട്ടു.