ന്യൂഡൽഹി
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുള്ള അർധ അതിവേഗ റെയിൽപാത, സിൽവർ ലൈൻ പദ്ധതിക്ക് തുരങ്കംവയ്ക്കാന്‍ യുഡിഎഫ്–-ബിജെപി സംയുക്ത നീക്കം. പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് 17 യുഡിഎഫ് എംപിമാരും രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ അംഗം കെ സി വേണുഗോപാലും പുതുച്ചേരിയിൽനിന്നുള്ള ലോക്സഭാ അംഗം വൈദ്യലിംഗവും ഒപ്പിട്ട നിവേദനം റെയിൽ മന്ത്രി അശ്വനി വൈഷ്ണവിന് കൈമാറി.
നിവേദനത്തിൽ ഒപ്പിട്ട എംപിമാരുമായി ബുധൻ പകൽ മൂന്നിന് ചർച്ച നടത്താമെന്ന് മന്ത്രി വ്യക്തമാക്കിയെന്ന് നിവേദനം കൈമാറിയ കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. കേരളത്തിൽനിന്നുള്ള മറ്റ് യുഡിഎഫ് എംപിമാരായ രാഹുൽ ഗാന്ധി, ശശി തരൂർ, എ കെ ആന്റണി എന്നിവര്‍ നിവേദനത്തിൽ ഒപ്പിട്ടില്ല.
പദ്ധതി കേരളത്തിന്റെ പരിസ്ഥിതിക്കും സാഹചര്യങ്ങൾക്കും യോജ്യമല്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടി ദുരുദ്ദേശപരമാണെന്നും മന്ത്രിയെ ധരിപ്പിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. “സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കം വൻ അഴിമതി ലക്ഷ്യമിട്ടാണ്. വലിയതോതിൽ കുടിയൊഴിക്കൽ ഭീഷണിയുള്ള പദ്ധതിയിലൂടെ വിദ്യാലയങ്ങളും ആരാധനാലയങ്ങളും ആതുരാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ തുടച്ചുമാറ്റപ്പെടു’മെന്നും നിവേദനത്തിൽ ആരോപിച്ചു.
കേരളത്തിലെ എംപിമാരുടെ അഭിപ്രായംകൂടി കണക്കിലെടുത്തു മാത്രമേ റെയിൽ മന്ത്രാലയം അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് മന്ത്രി പ്രതികരിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. റെയിൽ മന്ത്രാലയത്തിൽ വച്ചാണ് മന്ത്രിയെ കണ്ടത്. പദ്ധതിക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരനും രംഗത്തുള്ള സാഹചര്യത്തിലാണ് സംയുക്ത നീക്കം.
വിഷയത്തിൽ റെയിൽ മന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം പ്രധാനമന്ത്രി, ധനമന്ത്രി, പരിസ്ഥിതി–-വനം മന്ത്രി, നിതി ആയോഗ് വൈസ് ചെയർമാൻ എന്നിവർക്കും നിവേദനം നൽകുമെന്ന് എംപി പറഞ്ഞു. അതേസമയം, കേരളത്തിൽനിന്നുള്ള എല്ലാ എംപിമാരെയും ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽ മന്ത്രിക്ക് കത്തുനൽകുമെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം ദേശാഭിമാനിയോടു പറഞ്ഞു.