ഗൗരിശങ്കർ.
തിരുവനന്തപുരം
ഈ വർഷത്തെ സംസ്ഥാന മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശന പരീക്ഷയിൽ ആലപ്പുഴ വെട്ടിയാർ സ്വദേശി എസ് ഗൗരിശങ്കറിന് ഒന്നാം റാങ്ക്. നീറ്റ് യുജി പരീക്ഷയിൽ 17–-ാം റാങ്കുകാരനാണ് ഗൗരിശങ്കർ. നീറ്റ് യുജി ഫലം കൂടി ഉൾപ്പെടുത്തിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. തൃശൂർ പെരിങ്ങോട്ടുകരയിലെ വൈഷ്ണ ജയവർധനൻ രണ്ടാം റാങ്കും കോട്ടയം പാലയിലെ ആർ ആർ കവിനേഷ് മൂന്നാം റാങ്കും നേടി. എസ്സി വിഭാഗത്തിൽ മലപ്പുറം കൊളത്തൂരിലെ കെ വി രോഹിത് ഒന്നാം റാങ്കും തിരുവനന്തപുരം ചെറ്റച്ചലിലെ എസ് അനുരാഗ് സൗരവ് രണ്ടാം റാങ്കും നേടി. എസ്ടി വിഭാഗത്തിൽ എറണാകുളം പള്ളുരുത്തിയിലെ ജൊനാതൻ എസ് ഡാനിയേൽ ഒന്നാം റാങ്കും കരസ്ഥമാക്കി.
31,722 പെൺകുട്ടികളും 10,337 ആൺകുട്ടികളും ഉൾപ്പെടെ 42,059 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. ആദ്യ പത്ത് റാങ്കിൽ അഞ്ചുവീതം പെൺകുട്ടികളും ആൺകുട്ടികളുമാണ്. ആദ്യ നൂറിൽ 46 പെൺകുട്ടികളും 54 ആൺകുട്ടികളുമാണ്. എംബിബിഎസ്/ബിഡിഎസ്/ബിഎച്ച്എംഎസ്/ബിഎഎംഎസ്/ബിയുഎംഎസ്/ബിഎസ്എംഎസ് കോഴ്സ് പ്രവേശനത്തിന് 28,759 പെൺകുട്ടികളും 9232 ആൺകുട്ടികളുമുൾപ്പെടെ 37,991 പേർ അർഹത നേടി.
ജനറൽ വിഭാഗത്തിൽ മലപ്പുറം ചെനക്കലങ്ങാടിയിലെ പി നിരുപമ, എറണാകുളം ഇടപ്പള്ളിയിലെ ഭരത് നായർ, വൈറ്റിലയിലെ ഭുവനേഷ് രമേഷ് മേനോൻ, കോഴിക്കോട് കൂത്താളിയിലെ പി നിമിഷ, മലപ്പുറം ചന്തപ്പറമ്പിലെ വി അബ്ദുൾ ഷുക്കൂർ, പെരിന്തൽമണ്ണയിലെ ഹമ്ദ റഹ്മാൻ, തമിഴ്നാട് വെല്ലൂരിലെ ഷെറിൽ സൂസൻ മാത്യു എന്നിവർ നാലുമുതൽ 10വരെ റാങ്കുകൾ കരസ്ഥമാക്കി.
റാങ്ക് പട്ടിക പ്രവേശന പരീക്ഷാകമീഷണറുടെ www.cee.kerala.gov.in ൽ ലഭ്യമാണ്. സംവരണത്തിന് അർഹരായവരുടെ താൽക്കാലിക പട്ടിക 20നും അന്തിമ പട്ടിക 24നും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് വിവരങ്ങൾക്കും പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കണം. ഹെൽപ് ലൈൻ നമ്പർ: 04712525300.