ബംഗളൂരു > കര്‍ണാടകയിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ വിവേചനം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരമുഖത്താണ്. മുന്നോക്ക ജാതിക്കാരുടെ പരാതിയെ തുടര്‍ന്ന് മുട്ടയെ ഉച്ചഭക്ഷണ ഇനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ എസ്എഫ്ഐ നടത്തിയ സമരവും, സമരത്തില്‍ പങ്കെടുത്ത സ്കൂള്‍ വിദ്യാര്‍ഥിയായ എസ്എഫ്ഐ പ്രവര്‍ത്തകയുടെ തീപ്പൊരി പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
ഗംഗാവതി താലൂക്കിലെ എംഎന്‍എം ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ അഞ്ജലിയാണ് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ‘മുട്ട ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഞങ്ങളെല്ലാം മരിക്കും. ഞങ്ങള്‍ മരിക്കുന്നതാണോ വലുത്, മുട്ട കേടാകുന്നതാണോ നല്ലത്? നിങ്ങള്‍ ചിന്തിക്കൂ. ഇല്ലെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ തന്നെ സമരവുമായി മുന്നോട്ടുപോകും. ഞങ്ങളില്‍ ആരെ കൊന്നാലും ഞങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ട്. ഞങ്ങള്‍ക്കുവേണ്ടി ഒരു പ്രസ്ഥാനമുണ്ട്, ഞങ്ങളുടെ എസ്എഫ്ഐ.. ഞങ്ങളോട് കളിക്കാന്‍ നിന്നാല്‍, ഞങ്ങള്‍ നിങ്ങളുടെ മഠങ്ങളില്‍ വന്ന് മുട്ട കഴിക്കും. അത് വേണോ? ഞങ്ങള്‍ക്ക് മുട്ടയും വേണം, പഴവും വേണം. നിങ്ങളാരാണ് ഞങ്ങളെന്ത് കഴിക്കണം എന്ന് തീരുമാനിക്കാന്‍ ? ഞങ്ങളുടെ കാശ് കൊണ്് തിന്നു കൊഴുത്തില്ലേ നിങ്ങള്‍.. ആ കാശൊക്കെ കൊണ്ടുവന്ന് തിരിച്ചുതാ.. സര്‍ക്കാര്‍ സ്കൂളില്‍ ഞങ്ങള്‍ പഠിക്കുന്നത് വീട്ടില്‍ അത്രയ്ക്ക് പട്ടിണി ആയതുകൊണ്ടാണ്.
ഞങ്ങള്‍ വരും, മഠത്തിന് മുന്നില്‍തന്നെ വന്നിരിക്കും. ഒറ്റയ്ക്കാണെന്ന് വിചാരിക്കണ്ട. ഞങ്ങള്‍ വിചാരിച്ചാല്‍ ഈ ഗംഗാവതി താലൂക്ക് മൊത്തം ഇളകിവരും.. ഈ മഠം തന്നെ ബാക്കിയുണ്ടാകില്ല. ഞങ്ങളുടെ പ്രസ്ഥാനത്തെക്കുറിച്ച് നിങ്ങളെന്താണ് വിചാരിച്ചത്? അത്രയ്ക്ക് കുട്ടികളുണ്ട് ഞങ്ങള്‍’- ഇതായിരുന്നു അഞ്ജലിയുടെ പ്രസംഗം.
പ്രസംഗത്തിന്റെ വീഡിയോ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കുവെച്ചിട്ടുണ്ട്. എംഎന്‍എം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അഞ്ജലി.
മുന്‍പ് കര്‍ണാടകയിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ ബസ് നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ എസ്എഫ്ഐ നടത്തിയ സമരം വിജയിച്ചിരുന്നു.