ന്യൂഡൽഹി
വാജ്പേയി സർക്കാരിന്റെ കാലത്തുണ്ടായ പാർലമെന്റ് ഭീകരാക്രമണത്തിന് തിങ്കളാഴ്ച 20 വർഷം തികയുന്നു. പാകിസ്ഥാൻ കേന്ദ്രമായ ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനകൾ ആസൂത്രണം ചെയ്ത ആക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. എഎൻഐ ക്യാമറാമാൻ വിക്രം ബിഷ്തിനും പാർലമെന്റിലെ തോട്ടക്കാരനും കൊല്ലപ്പെട്ടു. അഞ്ച് ഭീകരർ മരിച്ചു.
ആഭ്യന്തരമന്ത്രാലയത്തിന്റെയും പാർലമെന്റിന്റെയും സ്റ്റിക്കറുകൾ ഒട്ടിച്ച കാറിലെത്തിയ അഞ്ച് ഭീകരരാണ് ആക്രമണം നടത്തിയത്. രാവിലെ സഭ പിരിഞ്ഞെങ്കിലും ഒട്ടേറെ മന്ത്രിമാരും എംപിമാരും പാർലമെന്റ് മന്ദിരത്തിലുണ്ടായിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച കാർ ഡ്രൈവർക്ക് മതിയായ പരിശോധന കൂടാതെ വാഹനം പാർലമെന്റ് വളപ്പിൽ എത്തിക്കാനായി. എകെ 47 യന്ത്രത്തോക്കുകളും ഗ്രനേഡുകളും പിസ്റ്റളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വീരോചിതമായ തിരിച്ചടിയിൽ ഭീകരർക്ക് പാർലമെന്റ് മന്ദിരത്തിനുള്ളിലേക്ക് കടക്കാനായില്ല.
അന്വേഷണത്തിൽ മറ്റ് നാല് പേരെക്കൂടി പിടികൂടി. മുഖ്യപ്രതി അഫ്സൽ ഗുരുവിനെ 2013ൽ തൂക്കിലേറ്റി. എസ്എആർ ഗീലാനി, അഫ്സാൻ എന്നിവരെ കോടതി വിട്ടയച്ചു. മറ്റൊരു പ്രതി ഷൗക്കത്ത് ഹുസൈൻ ശിക്ഷയ്ക്കുശേഷം മോചിതനായി. ആക്രമണത്തിന്റെ സൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെട്ട ഗീലാനിയെ വിട്ടയച്ചത് പ്രോസിക്യൂഷന് തിരിച്ചടിയായി. ഡൽഹി സർവകലാശാല അധ്യാപകനായിരുന്നു ഇദ്ദേഹം.