ന്യൂഡൽഹി
പൊതുആസ്തി വിറ്റ് മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും കേന്ദ്രം വിൽക്കുന്നു. ആദ്യപടിയായി 60 വർഷത്തെ കരാറിന് സ്വകാര്യമേഖലയ്ക്ക് കൈമാറും. ഹോട്ടലിന് ചുറ്റുമുള്ള എട്ട് ഏക്കറോളം ഭൂമി രണ്ട് ഭാഗമാക്കി 90 വർഷത്തെ കരാറിന് കൈമാറും. നിർമാണ പ്രവർത്തനങ്ങളും അനുവദിക്കും. ഇതിന് കേന്ദ്രമന്ത്രിസഭ ഉടൻ അംഗീകാരം നൽകും. ഹോട്ടൽ ഏറ്റെടുക്കുന്നവർക്ക് പുതുക്കിപ്പണിയുകയുമാകാം.
550 മുറിയുള്ള ഹോട്ടലിന്റെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി 500 കോടിയെങ്കിലും ചെലവാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ജമ്മു കശ്മീർ രാജകുടുംബം 1956ൽ കൈമാറിയ 25 ഏക്കർ ഭൂമിയിലാണ് കേന്ദ്രസർക്കാർ ഹോട്ടൽ നിർമിച്ചത്. ആ വർഷം ഡൽഹിയിൽ യുനെസ്കോ സമ്മേളനത്തിനെത്തിയ ലോകനേതാക്കാളും പ്രതിനിധികളും താമസിച്ചത് ഇവിടെയാണ്.1968ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മകൻ രാജീവ് ഗാന്ധിയുടെ വിവാഹസൽക്കാരം ഹോട്ടലിൽ സംഘടിപ്പിച്ചു. സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലും ഇടംപിടിച്ചു.
ഐടിഡിസി കൈകാര്യം ചെയ്യുന്ന ഹോട്ടൽ വിറ്റഴിക്കാൻ വാജ്പേയി മന്ത്രിസഭയും ശ്രമിച്ചിരുന്നു. നിതി ആയോഗും ഹോട്ടൽ വിൽക്കാനോ കൈമാറാനോ പദ്ധതി തയ്യാറാക്കി. എന്നാൽ, പല കാരണങ്ങളാൽ അതൊന്നും മുന്നോട്ടുപോയില്ല. അടുത്ത വർഷമെങ്കിലും ഹോട്ടൽ കൈമാറ്റം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.