ചിറ്റൂർ
ജനറൽ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ലഫ്. കേണൽ ഹർജീന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, ലാൻസ് നായിക് ബി സായ് തേജ എന്നിവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയറിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രി അജയ് ഭട്ട്, കരസേന മേധാവി എം എം നരവനെ, വ്യോമസേനാ മേധാവി വിവേക് റാം ചൗധരി, നാവികസേനാ മേധാവി ആർ ഹരികുമാർ തുടങ്ങിയവർ ലഫ്. കേണൽ ഹർജീന്ദർ സിങ്ങിന് അന്ത്യോപചാരമർപ്പിച്ചു. റിട്ട. മേജർ ആഗ്നസ് പി മനേസസ് ആണ് ഹർജീന്ദർ സിങ്ങിന്റെ ഭാര്യ. മകൾ പ്രീത് കൗർ.
ഗുരുസേവക് സിങ്ങിന്റെ സംസ്ക്കാരം ഞായറാഴ്ച ജന്മനാടായ പഞ്ചാബിൽ നടന്നു. മൂന്നു വയസ്സുകാരനായ മകൻ ഫത്തേദീപ് സൈനിക യൂണിഫോമിന് സമാനമായ വസ്ത്രം ധരിച്ചാണ് ചിതയ്ക്ക് തീകൊളുത്തിയത്. നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു. ഭാര്യ ജസ്പ്രീത് സിങ്, മക്കളായ സിമ്രത്ദീപ് കൗർ, ഗുർലീൻ കൗർ, അച്ഛൻ കബൽ സിങ്. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.
ബി സായ് തേജയുടെ സംസ്കാരം ജന്മനാടായ ആന്ധ്രപ്രദേശിലെ ചിറ്റൂരിനടുത്ത് യെഗുവരേഗഡിയിൽ നടന്നു. സൈനികൻകൂടിയായ സഹോദരൻ ചൈതന്യ ചിതയ്ക്ക് തീകൊളുത്തി. ആന്ധ്ര, കർണാടക അതിർത്തിയിലും നിരവധിപേർ സായ് തേജയ്ക്ക് അന്ത്യോപചാരമർപ്പിച്ചു.