ബംഗളൂരു
കർണാടകത്തിലെ കോലാറിൽ ക്രിസ്ത്യൻ മതപ്രചാരകരെ തടഞ്ഞ് മതഗ്രന്ഥങ്ങളും ലഘുലേഖകൾ പിടിച്ചെടുത്ത് സംഘപരിവാറുകാർ കത്തിച്ചു. മതപരിവർത്തനം ആരോപിച്ച് നടത്തിയ ആക്രമണത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ലഘുലേഖകൾ വിതരണം ചെയ്യാനായി വീടുകളിൽ കയറിയ ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരെ സംഘപരിവാറുകാർ ചോദ്യം ചെയ്യുകയും മതഗ്രന്ഥങ്ങൾ കത്തിക്കുകയുമായിരുന്നു. വീടുവീടാന്തരം കയറി മതപ്രചാരണം നടത്തരുതെന്ന് ക്രിസ്ത്യൻ വിഭാഗത്തോട് നിർദ്ദേശിച്ചിരുന്നെന്നും അവർ ഇത് ലംഘിച്ചതോടെയാണ് സംഘർഷം ഉണ്ടായതെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിർബന്ധിത മതപരിവർത്തനം തടയുന്ന ബിൽ സംസ്ഥാന ബിജെപി സർക്കാർ അടുത്തദിവസം പരിഗണിക്കാനിരിക്കെയാണ് ആക്രമണം. നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ബിൽ പരിഗണിക്കുമെന്ന് ഞായറാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
ഇതിനിടെ, ബെലഗാവിയിൽ പള്ളിയിലേക്ക് വടവാളുമായി ഒരാൾ അതിക്രമിച്ചുകയറി. വാളുമായി ഇയാൾ പള്ളിയിലെ ഫാ. ഫ്രാൻസിസ് ഡിസൂസയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പകലാണ് സംഭവം. പിന്നീട് അക്രമി ഓടിരക്ഷപെട്ടു. പരാതി ലഭിച്ചതോടെ പള്ളിക്ക് സുരക്ഷ ഏർപ്പെടുത്തി. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.