സംസ്ഥാന നേതൃത്വവുമായി മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതിൽ വിഷമമുണ്ടോ ചോദ്യത്തിനാണ് സുധാകരൻ രൂക്ഷമായി പ്രതികരിച്ചത്. മുതിർന്ന നേതാക്കൾ സഹകരിക്കാത്തതിൽ വിഷം ഉണ്ടെന്ന് പരോക്ഷമായി അദ്ദേഹം പറയുകയും ചെയ്തു. ഹൈക്കമാൻഡ് നേതാക്കളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.
മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ പാർട്ടി പ്രവർത്തകർ എത്രത്തോളം ഉൾക്കൊള്ളുന്നു, സോഷ്യൽ മീഡിയയിലൂടെ കടന്നുവരുന്ന പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ പരിശോധിച്ചാൽ മനസിലാകും. ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഒരു നേതാവിൻ്റെ വരവിനെയോ വളർച്ചയെയോ തടയാൻ സാധിക്കില്ല. എന്നെ സംബന്ധിച്ചടുത്തോളം അത്തരമൊരു സാഹചര്യം കോൺഗ്രസിൽ ഉണ്ടായിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. രണ്ട് മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ പ്രധാന പരാതി. നിർണായക യോഗത്തിൽ ഇരുവരും എത്താതിരുന്നതിൻ്റെ കാരണം അറിയില്ലെന്ന് യുഡിഎഫ് കൺവിനർ എംഎം ഹസൻ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രമാണെന്നും പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ മുൻപ് വ്യക്തമാക്കിയിരുന്നു.
അതേസമയം, മുതിർന്ന നേതാക്കളുടെ നിലപടിനെതിരെ ഹൈക്കമാൻഡിനെ സമീപിക്കില്ലെങ്കിലും സംസ്ഥാന കോൺഗ്രസിൽ നടക്കുന്ന സംഭവവികാസങ്ങൾ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറെ അറിയിക്കും. താരിഖ് അൻവർ നൽകുന്ന നിർദേശങ്ങളും ഗ്രൂപ്പുകൾ അവഗണിച്ചാൽ മാത്രമാകും സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് മുന്നിൽ നിലപാട് ശക്തമാക്കുക.
സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാരായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിന്നതിനെക്കുറിച്ച് അറിയില്ലെന്ന് താരിഖ് അൻവർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. എല്ലാ കാര്യങ്ങളും അവരുമായിട്ട് ആലോചിച്ച് ചെയ്യുന്നത്. അതൃപ്തിയുണ്ടെങ്കിൽ നേതാക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.