ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡി. ജെ പാർട്ടി സംഘടിപ്പിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായി. ‘നിർവാണ മ്യൂസിക് ഫെസ്റ്റിവൽ’ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചത്. ശനിയാഴ്ച രാത്രി മുതൽ ആരംഭിച്ച ലഹരിപാർട്ടി ഞായറാഴ്ച ഉച്ചവരെ നീണ്ടു നിന്നുവെന്ന് എക്സൈസ് പരിശോധനയിൽ കണ്ടെത്തി.
സ്ത്രീകൾ ഉൾപ്പെടെ 50 പേർ ശനിയാഴ്ചത്തെ പാർട്ടിയിൽ പങ്കെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാർട്ടിയിൽ പങ്കെടുത്ത 25 പേർ പിടിയിലായി. ഒരു സ്ത്രീയും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. റിസോർട്ടിൽ ഉണ്ടായിരുന്നവരിൽ നിന്നും സ്റ്റേറ്റ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മൊഴി രേഖപ്പെടുത്തി.
പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരിമരുന്നുകൾ ഉപയോഗിച്ചുവെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.പാർട്ടിയിൽ പങ്കെടുക്കുന്നതിനായി ഒരാളിൽ നിന്നും ആയിരം രൂപ വാങ്ങിയിരുന്നു. പാർട്ടിയിൽ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക നൽകിയെന്നാണ് പിടിയിലായവരുടെ മൊഴി.
ബെംഗളൂരുവിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റിസോർട്ടിൽ റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് പാർട്ടി നടക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും പാർട്ടി നടക്കാൻ സാധ്യതയുള്ള സ്ഥലം എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊച്ചിയിൽ നടന്നതിന് സമാനമായ രീതിയിൽ വിഴിഞ്ഞം, കോവളം മേഖലകളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്ന് എക്സൈസ് സംഘത്തിന് തന്നെ മുൻപ് വിവരം ലഭിച്ചിരുന്നു.