തിരുവനന്തപുരം >നിതി ആയോഗ് സൂചികയിൽ കേരളത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാക്കിയത് ക്ഷേമകാര്യങ്ങളിൽ എൽഡിഎഫ് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം. 2015–-16ലെ വിവരങ്ങൾ അടിസ്ഥാനമാക്കിയും 2019–-20ലെ കുടുംബാരോഗ്യ സർവേ പരിഗണിച്ചുമാണ് സൂചിക.
യുഎൻഡിപി പ്രസിദ്ധീകരിച്ച പത്ത് വർഷത്തെ ( 2005/06 -–- 2015/16 ) സൂചികയേക്കാൾ ഏറെ മുന്നേറി. ബിജെപി, കോൺഗ്രസ് സംസ്ഥാനങ്ങളുടെ പിന്നാക്കാവസ്ഥയിൽ കാര്യമായ മാറ്റമില്ലെന്നതും ശ്രദ്ധേയം.
2018, 2019 വർഷങ്ങളിലെ നിതി ആയോഗ് സുസ്ഥിര വികസന സൂചികയിലും കേരളം മുന്നിലായിരുന്നു. 2020ലെ സാമ്പത്തിക സർവേ പ്രകാരം സംസ്ഥാനത്തിന്റെ വളർച്ച 5.4 ശതമാനം. ഉമ്മൻചാണ്ടിയുടെ കാലത്തേക്കാൾ 0.6 ശതമാനം കൂടുതൽ. ദാരിദ്ര്യം ഇല്ലാതാക്കുന്ന നടപടികളിലും യുഡിഎഫ് കാലത്തേക്കാൾ 0.29 ശതമാനം മുന്നേറ്റമുണ്ടാക്കിയെന്ന് സൂചിക തെളിയിക്കുന്നു.
‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന ഉറപ്പോടെ 2016ൽ അധികാരമേറ്റ സർക്കാർ മുൻഗണന കൊടുത്തതും ഈ വിഷയങ്ങൾക്കായിരുന്നു. ലൈഫ് ഭവന പദ്ധതി ആശ്രയമായത് ലക്ഷങ്ങൾക്ക്. പൊതുവിദ്യാഭ്യാസ രംഗത്തിന്റെ പുത്തനുണർവ് അഞ്ചുലക്ഷം കുട്ടികളെ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തിച്ചു. തൊഴിലുറപ്പ്, ഉച്ചഭക്ഷണം, പൊതുവിതരണ സമ്പ്രദായം, സാമൂഹ്യ പെൻഷൻ, ഭക്ഷ്യക്കിറ്റ് എന്നിങ്ങനെ സർവേ മാനദണ്ഡങ്ങൾക്ക് അടിസ്ഥാനമായ വിഷയങ്ങളിലെല്ലാം സർക്കാർ നേട്ടമുണ്ടാക്കി.
നിപായും കോവിഡും ഫലപ്രദമായി നേരിട്ടതും പിഎച്ച്സികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ചികിത്സാ ശൃംഖലയുടെ അത്ഭുതകരമായ മാറ്റവും ‘സ്കോർ’ കൂട്ടി.
അതേസമയം, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി മുന്നോട്ടുവച്ച വികസന മാതൃകയായ ഗുജറാത്തിലടക്കം ദരിദ്രർക്ക് കുറവില്ല. ഇന്ത്യയിലെ ആകെ ദരിദ്രരുടെ പകുതിയും ഗുജറാത്തും യുപിയും ബിഹാറും മധ്യപ്രദേശും ഹിമാചലുമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ്.