ന്യൂഡൽഹി > മിനിമം താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സംയുക്ത കിസാൻമോർച്ച. ഡിസംബർ മൂന്നിനകം കേന്ദ്രസർക്കാർ കർഷകനേതാക്കളുമായി ചർച്ച നടത്തി തൃപ്തികരമായ തീരുമാനമെടുക്കണം. ആറിന ആവശ്യം ഉന്നയിച്ച് 21ന് കിസാൻമോർച്ച പ്രധാനമന്ത്രിക്ക് കത്ത് നൽകിയെങ്കിലും പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചില്ല. കിസാൻമോർച്ച ഉൾപ്പെടെയുള്ള സംഘടനകളുമായി ചർച്ചയ്ക്കും സർക്കാർ തയ്യാറല്ല.
ജനാധിപത്യസമൂഹത്തിൽ തർക്കവിഷയങ്ങളിൽ തൃപ്തികരമായ പരിഹാരം ഉണ്ടാകണമെങ്കിൽ ചർച്ചകൾ അനിവാര്യമാണ്. എന്നാൽ, അതിന് തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാട് അപലപനീയമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായില്ലെങ്കിൽ ഡിസംബർ നാലിന് യോഗം ചേർന്ന് ഭാവിസമരപരിപാടിക്ക് രൂപം കൊടുക്കുമെന്ന് കിസാൻമോർച്ച അറിയിച്ചു.
പാർലമെന്റ് റാലി മാറ്റി
തിങ്കളാഴ്ചമുതൽ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്റ്റർറാലി തൽക്കാലം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. കാർഷികനിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.