ന്യൂഡൽഹി > രാജ്യത്ത് നിർഭയമായി സാക്ഷിമൊഴി രേഖപ്പെടുത്താനുള്ള മൗലികാവകാശം വലിയ ഭീഷണി നേരിടുന്നതായി സുപ്രീംകോടതി. സമ്മർദമോ ഭീഷണിയോ കൂടാതെ സാക്ഷിമൊഴി രേഖപ്പെടുത്താനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യഘടകമാണ്.
ഭീഷണി കാരണം ഒരാൾക്ക് സാക്ഷി പറയാൻ കഴിയുന്നില്ലെങ്കിൽ അത് ഭരണഘടനയുടെ 19 (1) (എ), 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഉത്തർപ്രദേശിലെ ദുരഭിമാനക്കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷികൾക്ക് മൊഴി രേഖപ്പെടുത്താൻ കഴിയുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി നിരീക്ഷണം. സമൂഹത്തിലെ ദുർബല വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള സാക്ഷി മേൽജാതിക്കാരായ പ്രതികളിൽനിന്ന് കടുത്ത ഭീഷണിയും സമ്മർദവും നേരിടുന്ന കാര്യം കോടതി ചൂണ്ടിക്കാണിച്ചു.
നിർഭയമായി കോടതികളിൽ സാക്ഷിമൊഴി നൽകുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും അധികൃതരുടെയും ഉത്തരവാദിത്വമാണ്. സാക്ഷികളെ സംരക്ഷിക്കാനുള്ള ചുമതല അധികൃതർ ഏറ്റെടുക്കാത്തതിനാലാണ് പല നിർണായക കേസുകളിലും സാക്ഷികൾ കൂറുമാറുന്ന ദൗർഭാഗ്യകരമായ സാഹചര്യം ഉണ്ടാകുന്നത്. അധികാരകേന്ദ്രങ്ങളിൽ സ്വാധീനമുള്ള ഉന്നതർ പ്രതികളാകുന്ന കേസുകളിൽ സാക്ഷികൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം.
2018ലെ സാക്ഷിസംരക്ഷണ പദ്ധതിയനുസരിച്ചുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.