ജനീവ > കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും യുദ്ധസമാന നീക്കവുമായി ലോകരാജ്യങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി.
കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിന് ഒമിക്രോണ്‍ (ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരം) എന്ന് ലോകാരോഗ്യസംഘടന നാമകരണം ചെയ്തു. ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബോട്സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവിടങ്ങള്‍ക്കു പിന്നാലെ ജര്‍മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോണ്‍ എത്തി. കോവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗ വ്യാപനശേഷിയുള്ള വൈറസ് എത്തിയത് സ്ഥിതി സങ്കീര്‍ണമാക്കി.
ദക്ഷിണാഫ്രിക്കയില്‍നിന്ന് നെതര്‍ലാന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാര്‍ ഒമിക്രോണ്‍ ഭീതിയിലാണ്. ഇവരില്‍ രോഗം സ്ഥിരീകരിച്ച 61 പേരെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ സമ്പര്‍ക്കവിലക്കിലാക്കി. നെതര്‍ലാന്‍ഡ്സില്‍ ഭാഗിക അടച്ചിടല്‍ ഏര്‍പ്പെടുത്തി.
യാത്രാവിലക്ക് തുടരുന്നു
അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍യൂണിയനും നിരവധി ആഫ്രിക്കന്‍ രാജ്യക്കാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ഓസ്ട്രേലിയ 14 ദിവസത്തേക്ക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വിമാനസര്‍വീസ് റദ്ദാക്കി. ഇറാന്, ബ്രസീല്‍, ക്യാനഡ, തായ്ലന്ഡ്, ഇസ്രയേല്‍, തുര്‍ക്കി, സ്വിറ്റ്സര്‍ലന്‍ഡ്, ശ്രീലങ്ക, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി.
ദക്ഷിണാഫ്രിക്ക, ബോട്സ്വാ ന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ ഇന്ത്യ നിര്‍ദേശിച്ചു. ജപ്പാന് ദക്ഷിണാഫ്രിക്കയില്‍നിന്ന് വരുന്നവര്‍ക്ക് പത്തുദിവസത്തെ സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തി.
യാത്രാനിരോധനം ഏശില്ലെന്ന്
പുതിയ വകഭേദത്തെ കണ്ടെത്തിയതിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തി ശിക്ഷിക്കരുതെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഒമിക്രോണ്‍ ഇതിനോടകം മറ്റിടങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതിനാല്‍ യാത്രാനിരോധനങ്ങളില്‍ കഴമ്പില്ലെന്ന് പകര്‍ച്ചവ്യാധിവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഒമിക്രോണ്‍ വകഭേദത്തിന് വന്‍തോതില്‍ രൂപാന്തരത്വം സംഭവിക്കുന്നുണ്ടെന്നും അതില്‍ ചിലത് ഉൽക്കണ്ഠാജനകമാണെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. രോഗം വന്നുമാറിയവരിലും രോഗകാരിയാകുന്നുവെന്നതാണ് ഒമിക്രോണിന്റെ പ്രധാനഭീഷണി. ആഫ്രിക്കയില്‍ ആറുശതമാനം പേര് മാത്രമേ പൂര്‍ണമായി വാക്സിനെടുത്തിട്ടുള്ളൂ.
കോവിഡ് ഉത്ഭവിച്ച് രണ്ടുവര്‍ഷമാകുമ്പോഴേക്കും ലോകത്താകെ അമ്പതുലക്ഷത്തിലേറെ ജീവന് അപഹരിച്ചു.
കേരളം സജ്ജം
പത്തനംതിട്ട > ഒമിക്രോൺ നേരിടാൻ കേരളത്തിലും ജാഗ്രതാ നടപടികൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിമാനത്താവളങ്ങളിൽ കൂടുതൽ പരിശോധനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം.
പുതിയ വകദേഭം ഉണ്ടോയെന്നറിയാൻ ജനിതക ശ്രേണീകരണം നടത്തുന്നുണ്ട്. നിലവിൽ കണ്ടെത്തിയിട്ടില്ല. വിദേശത്തുനിന്നെത്തുന്നവർക്ക് സമ്പർക്കവിലക്ക് ഉറപ്പാക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യാന്തര സർവീസ്: ഇളവ് പുനഃപരിശോധിക്കും
ന്യൂഡൽഹി > അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിൽ പുനഃപരിശോധന വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോൺ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ വകഭേദത്തിന്റെ സാന്നിധ്യമുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരെ മുഴുവൻ പരിശോധിക്കണം. കോവിഡ്കാല പെരുമാറ്റരീതികൾ കർശനമായി ഉറപ്പുവരുത്തണം–- പ്രധാനമന്ത്രി ആവശ്യപ്പെട്ടു.